കനയ്യ ലാൽ വധം: പ്രതികൾക്ക് ഐഎസുമായി ബന്ധമെന്ന് പൊലീസ്
ഉദയ്പുരിലെ തയ്യൽക്കാരൻ കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് അറസ്റ്റിലായ പ്രതികൾക്ക് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് പൊലീസ്. ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിൻ്റെ പേരിൽ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ഇരുവരും ചേർന്ന് മാർച്ച് 30ന് ജയ്പുരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇതിൽ ഒരാൾക്ക് പാകിസ്താൻ ആസ്ഥാനമായുള്ള ദാവത് ഇ ഇസ്ലാമി എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു. കൂടാതെ റിയാസ് അഖ്താരി എന്നയാൾ ദാവത് ഇ ഇസ്ലാമി വഴി ഐഎസുമായി ബന്ധമുള്ള അൽ-സുഫ സംഘടനയുടെ തലവനായിരുന്നു. ഇയാൾക്ക് രാജസ്ഥാനിലെ ടോങ്കിൽ നിന്ന് അറസ്റ്റിലായ ഐഎസ് ഭീകരൻ മുജീബുമായി നേരത്തേ ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.