കേരളത്തിൽ നാളെ യെല്ലോ അലർട്ട്; അടുത്ത അഞ്ച് ദിവസം മഴ കനക്കും
സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. കേരളത്തിലെ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിൻ്റെ വടക്കൻ തീരം മുതൽ മഹാരാഷ്ട്രയുടെ തെക്കൻ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകാൻ പാടില്ലെന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരത്തു 25, 26 തീയതികളിലും കർണാടക തീരത്ത് ഇന്നും മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.