“ഓന്തുപോലും നാണിച്ചുപോകും” വിദേശവായ്പ്പക്കായി പിണറായി ഇരന്നത് നിലപാടുകളിൽ
മലക്കം മറിഞ്ഞെന്ന് കെ സുധാകരൻ
എഡിബിയുടെയും ലോകബാങ്കിന്റെയും പ്രതിനിധികളെ കരിഓയിൽ ഒഴിച്ചും ചെകിട്ടത്തടിച്ചും കേരളത്തിൽനിന്നോടിച്ച സിപിഎമ്മിന്റെ മുഖ്യമന്ത്രി യുഎസ് സന്ദർശനത്തിനിടെ ലോകബാങ്ക് ആസ്ഥാനെത്തത്തി കടംവാങ്ങാൻ ഇരന്നത് നിലപാടുകളിൽ മലക്കംമറിഞ്ഞാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിൽപോലും സിപിഎം ലോകബാങ്കിനും എഡിബിക്കുമെതിരേ ഏറെനാൾ ഉറഞ്ഞു തുള്ളിയിട്ടുണ്ട്. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേ നടത്തിയ പ്രസംഗങ്ങൾക്കും എഴുത്തുകൾക്കും കയ്യും കണക്കുമില്ല. സിപിഎം നിറംമാറുന്നതുപോലെ മാറാൻ ഓന്തിനുപോലും കഴിയില്ലെന്നു സുധാകരൻ പരിഹസിച്ചു.
സർക്കാരിന്റെ ആധുനികവത്കരണത്തിനുള്ള എംജിപി പ്രോഗ്രാമിൽ 1200 കോടി രൂപയുടെ വിദേശവായ്പ എടുക്കാൻ 2001ൽ യുഡിഎഫ് സർക്കാർ ശ്രമിച്ചപ്പോൾ അതിനെ അട്ടിമറിക്കാൻ ഇടതുപക്ഷം വമ്പിച്ച പ്രക്ഷോഭം നടത്തി. എഡിബി സംഘത്തെ ഡിവൈഎഫ്ഐക്കാർ കരിഓയിൽ ഒഴിച്ച് ഓടിച്ചുവിടുകയും അവരുടെ ഓഫീസ് തച്ചുടക്കുകയും ചെയ്തു. എംജിപി സെക്രട്ടറി കെഎം ഏബ്രാഹാമിന്റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കണമെന്ന് വിഎസ് പ്രസംഗിച്ചപ്പോൾ പിണറായിയും കോടിയേരിയും ആർത്തുചിരിച്ചു.
2006ൽ വിഎസ് സർക്കാർ വിദേശവായ്പാ നടപടികളുമായി മുന്നോട്ടുപോകുകയും 1200 കോടി രൂപ വാങ്ങിയെടുക്കുകയും ചെയ്തപ്പോൾ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ഒരിക്കൽക്കൂടി പുറത്തുവന്നു. 5 നഗരസഭകളുടെ വികസനത്തിനാണ് ഈ തുക വിനിയോഗിച്ചത്. യഥാർത്ഥത്തിൽ ഇകെ നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ 1998ലാണ് വിദേശവായ്പക്ക് ശ്രമം ആരംഭിച്ചത്. അവരുടെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചു കൊണ്ടായിരുന്നു ഇത്. ആ വർഷം പൊഖ്റാൻ ആണവപരീക്ഷണത്തെ തുടർന്ന് പാശ്ചാത്യരാജ്യങ്ങളും ധനകാര്യസ്ഥാപനങ്ങളും ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ആ വായ്പ അന്നു ലഭിക്കാതെ പോയത്.
അമേരിക്കയിലെ വിഖ്യാതമായ ജോൺസ് ഹോപ്കിൻസിന് ഏഷ്യൻ കാമ്പസ് തുടങ്ങാൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധാരണയായപ്പോഴും സിപിഎം ഉറഞ്ഞു തുള്ളി. മൂന്നാറിൽ 72 ഏക്കറിൽ 700 കോടി രൂപ മുടക്കി തുടങ്ങാനിരുന്ന കൂറ്റൻ ആശുപത്രിയായിരുന്നു ഇതെങ്കിലും സിപിഎം പ്രതിഷേധത്തെ തുടർന്ന് അവർ സിംഗപ്പൂരിലേക്ക് ഓടിരക്ഷപ്പെട്ടു. ഇന്നത് ലോകത്തിലെ ഏറ്റവും മികച്ച കാൻസർ ചികിത്സാ കേന്ദ്രം കൂടിയാണ്. അതുണ്ടായിരുന്നെങ്കിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് അമേരിക്കയിലേക്ക് കൂടെക്കൂടെ ഓടാതെ സിംഗപ്പൂരിൽ ചികിത്സ നടത്താമായിരുന്നെന്ന് സുധാകരൻ പറഞ്ഞു.