12 പെൺകുട്ടികളെ വിവാഹം ചെയ്തതിന് യുവാവ് പിടിയിൽ
പ്രായപൂര്‍ത്തിയാകാത്തവരുൾപ്പെടെ 12 കുട്ടികളെവിവാഹം കഴിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട യുവാവിനെ പൂര്‍ണിയ പൊലീസ് അറസ്റ്റ് ചെയ്തു. കിഷന്‍ഗഞ്ച് ജില്ലയിലെ കൊച്ചാദമാന്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മനോഹര്‍ എന്ന മുഹമ്മദ് സംശാദാണ് അറസ്റ്റിലായത്.
ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്ന സംശാദിനെ ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിൽ കൊയ്ഡങ്കി ഗ്രാമത്തില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ച ശേഷം വിൽപ്പന നടത്തുകയായിരുന്നുവെന്നും ലീസ് പറയുന്നു. 2015 ഡിസംബര്‍ എട്ടിന് പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇയാൾ ഒളിവിലായിരുന്നുവെന്ന് അംഗര്‍ഹ് എസ്എച്ഒ പൃഥ്വി പാസ്വാന് പറഞ്ഞു.
2015 നവംബര്‍ 27 ന് പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ വിവാഹം കഴിക്കാനെന്ന വ്യാജേന സംശാദ് തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് ബിജ്വാര് സ്വദേശിയായ മുഹമ്മദ് ഹസീബ് നൽകിയ പരാതിയിന്മേലാണ് പ്രതിയെ പിടികൂടിയത്. പിന്നീട്, പോലീസ് നടത്തിയ അന്വേഷണത്തിൽ കിഷന്‍ഗഞ്ചിലെ എല്‍ആര്‍പി ചൗകില്‍ നിന്ന് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി. അന്ന് സംശാദ് ഒളിവില്‍ പോയി.
ചോദ്യം ചെയ്യലില്‍ സംശാദ് മുസ്ലീം സമുദായത്തില്‍പ്പെട്ട 12 പെണ്‍കുട്ടികളെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. അതില്‍ എട്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണെന്നും സമ്മതിച്ചു.
പണത്തിനായി പെണ്‍കുട്ടികളെ ബംഗാളില്‍ കൊണ്ടു പോയി വിറ്റതായും സംശാദ് പറഞ്ഞു. 12 പെണ്‍കുട്ടികളില്‍ രണ്ട് പേര് അംഗാര്‍ഹ് പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നുള്ളവരും 10 പേര് കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നുള്ളവരുമാണ്. എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്താനുള്ള ഊർജിത ശ്രമം തുടരുകയാണ് എന്ന് പൊലീസ് അറിയിച്ചു.