തന്റെ സമാധാനം തകർത്തു; തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ മൻസൂർ അലി ഖാൻ
നടി തൃഷയ്ക്കെതിരെ നടൻ മൻസൂർ അലി ഖാൻ ലൈംഗിക പരാമർശം നടത്തിയ സംഭവം ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. കേസിൽ നടിയോട് മാപ്പ് പറഞ്ഞുവെങ്കിലും മൻസൂർ അലി ഖാൻ ഇപ്പോൾ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്. തൃഷ, ചിരഞ്ജീവി, ഖുശ്ബു തുടങ്ങിയവർക്കെതിരെയാണ് നടൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുന്നത്. തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവർ തന്നെ അപകീർത്തിപ്പെടുത്തുകയും ഒരാഴ്ചയിലധികമായി തന്റെ സമാധാനം തകർത്തുവെന്നും മൻസൂർ അലി ഖാൻ ആരോപിക്കുന്നു. നിരപരാധിയാണെന്നും മൂന്ന് അഭിനേതാക്കൾക്കെതിരെ യഥാർത്ഥ വീഡിയോയും മറ്റ് തെളിവുകളും ഹാജരാക്കുമെന്നും താരം അവകാശപ്പെട്ടു. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീർത്തിയുണ്ടാക്കിയെന്നും നടൻ ആരോപിക്കുന്നുണ്ട്.
ലിയോ’യിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മൻസൂർ അലി ഖാന്റെ പരാമർശം.ലിയോ സക്സസ് മീറ്റിലും ലിയോ താരങ്ങളായ തൃഷയേയും മഡോണയേയും കുറച്ച് അശ്ലീലം കലർന്ന സംസാരം മൻസൂർ അലിഖാൻ നടത്തിയതിന് പിന്നാലെയാണ് തൃഷയെ കുറിച്ച് അശ്ലീല ചുവയോടെ ദീർഘനേരം മൻസൂർ അലിഖാൻ സംസാരിച്ചത്.
മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു.പിന്നാലെയാണ് ചിരഞ്ജീവിയും ഖുശ്ബുവും ഉൾപ്പടെയുള്ളവർ പരാമർശത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്.
മൻസൂറിന്റെ വാക്കുകളെ ശക്തമായി അപലപിക്കുന്നുവെന്നും ലൈംഗിക വൈകൃതമായേ അതിനെ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. തൃഷയ്ക്കും അത്തരം ഭയാനകമായ പരാമർശങ്ങൾക്ക് വിധേയമാകേണ്ടിവരുന്ന എല്ലാ സ്ത്രീകൾക്കും ഒപ്പമാണ് താനെന്നുമാണ് ചിരഞ്ജീവി സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. സംഭവം വലിയ വിവാദമായതോടെ വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ചെന്നൈ പോലീസ് കേസെടുത്തിരുന്നു. തൃഷയ്ക്കെതിരെ ലൈംഗിക പരാമർശം നടത്തിയ കേസിൽ നടൻ മൻസൂർ അലി ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.ചെന്നൈയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മതിയായ വിശദാംശങ്ങളില്ലാതെയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ് അല്ലി ജാമ്യാപേക്ഷ തള്ളിയത്.
ചിത്രത്തിലെ സുപ്രധാന വേഷത്തിലായിരുന്നു മന്‍സൂര്‍ അലി ഖാന് എത്തിയത്. മന്‍സൂറിന്റെ പരാമര്‍ശത്തില്‍ നേരത്തെ കടുത്ത വിമര്‍ശനവുമായി തൃഷയും, ലിയോയുടെ സംവിധായകന് ലോകേഷ് കനകരാജും രംഗത്തെത്തിയിരുന്നു. മന്‍സൂര്‍ അലി ഖാന് മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നായിരുന്നു തൃഷയുടെ നേരത്തെയുള്ള പ്രതികരണം. മന്‍സൂറിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.വിവാദ പരാമര്‍ശമുണ്ടായതിന് പിന്നാലെ താന്‍ എന്താണ് തെറ്റ് ചെയ്തതെന്നും മാപ്പ് പറയേണ്ടതായോ, ഖേദം പ്രകടിപ്പിക്കേണ്ടതായോ ആ പരാമര്‍ശത്തില്‍ തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു മന്‍സൂറിന്റെ നേരത്തെയുള്ള നിലപാട്. കഴിഞ്ഞ ദിവസം നടന് ചോദ്യം ചെയ്യലിന് ഹാജരാവാതിരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്നുള്ള വിമര്‍ശനം വന്നതിന് പിന്നാലെ പോലീസിന് മുന്നിലെത്തി മൊഴി നല്‍കിയിരുന്നു.
സഹപ്രവര്‍ത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. ഇതില്‍ താന്‍ പരസ്യമായി മാപ്പ് പറയുന്നു എന്നാണ് മന്‍സൂര്‍ അലി ഖാന് വാര്‍ത്താക്കുറപ്പിലൂടെ പറഞ്ഞത്. താന്‍ നടനോട് ക്ഷമിച്ച് കഴിഞ്ഞതായിട്ടാണ് എക്സില്‍ നടി കുറിച്ചത്. ജീവിതത്തില്‍ തെറ്റ് സംഭവിക്കുന്നത് മനുഷ്യസഹജമാണ്. എന്നാല്‍ അതില്‍ മാപ്പ് നല്‍കുക എന്നത് ദൈവികമാണെന്നും തൃഷ കുറിച്ചു.ലോകേഷിന്റെ പ്രതികരണത്തിന് മറുപടിയുമായി മന്‍സൂര്‍ അലി നേരത്തെ രംഗത്തെത്തിയിരുന്നു. ഇനി മുതല്‍ ലോകേഷിന്റെ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നും, നായക വേഷം ലഭിച്ചാല്‍ മാത്രമേ അഭിനയിക്കൂ എന്നും മന്‍സൂര്‍ അലി ഖാന് പറഞ്ഞിരുന്നു. തമിഴ് സിനിമാ ലോകത്ത് നിരന്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്ന നടനാണ് മന്‍സൂര്‍ അലി ഖാന്. നടനെതിരെ നിരവധി കേസുകളും തമിഴ്നാട്ടിലുണ്ട്.