ഇനി ലോകകപ്പിനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി
ലോകകപ്പ് ഫൈനലിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഫൈനല്‍ തന്റെ അവസാന മത്സരമായിരിക്കുമെന്ന് അര്‍ജന്റീനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഡയറോ റിപ്പോര്ട്ടിവോയോട് താരം പ്രതികരിച്ചു. ക്രൊയേഷ്യയുമായുള്ള സെമി ഫൈനല്‍ മാച്ച് വിജയിച്ചതിനു ശേഷമായിരുന്നു മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനം. അടുത്ത ലോകകപ്പിന് നാലു വര്‍ഷം കൂടിയുണ്ട്. അത് സാധ്യമാകുമെന്ന് തോന്നുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
1966ന് ശേഷം ഒരു ലോകകപ്പിലെ മൂന്ന് വ്യത്യസ്ത മത്സരങ്ങളില്‍ ഗോളും അസിസ്റ്റും നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സെമി ഫൈനലോടെ മെസ്സി സ്വന്തമാക്കി. ക്രൊയേഷ്യക്കെതിരെ നേടിയ ഗോളോടെ ലോകകപ്പിലെ ആകെ ഗോള്‍ നേട്ടം 11 ആയി മെസ്സി ഉയര്‍ത്തിയിട്ടുണ്ട്. ഇതിലൂടെ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകള്‍ നേടിയ താരമെന്ന പദവിയും മെസ്സി സ്വന്തമാക്കി.
10 ഗോളടിച്ച ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയുടെ റെക്കോര്‍ഡാണ് മെസ്സി തകര്‍ത്തത്. ഖത്തറില്‍ 5 ഗോളുകള്‍ നേടി ഫ്രാന്‍സിന്റെ കിലിയന്‍ എംബാപെയ്ക്ക് ഒപ്പമാണ് മെസ്സി. ഇവര്‍ തമ്മിലാണ് ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടം നടക്കുന്നത്.