ആശുപത്രിയിലെത്തി അനുശോചനം അറിയിച്ച് എം കെ സ്റ്റാലിന്
മുതിര്‍ന്ന സിപിഎം നേതാവായ കോടിയേരി ബാലകൃഷ്ണന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചെന്ന് അനുശോചനമറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. കോടിയേരിയുടെ മരണവാര്‍ത്ത അറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം ആശുപത്രിയിലേക്ക് എത്തുകയായിരുന്നു.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായിരുന്ന കോടിയേരി ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. തുടര്‍ന്നാണ് അദ്ദേഹം വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
ഈ വര്‍ഷം നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നു സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു.
കോടിയേരിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് യൂറോപ്പ് യാത്ര റദ്ദാക്കിയിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അടക്കമുള്ള നേതാക്കള്‍ ചെന്നൈയില്‍ എത്തി.
സിപിഎം നേതാവും തലശേരി മുന്‍ എംഎല്‍എയുമായ എം.വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റര്‍ ജീവനക്കാരിയും ആയ എസ്.ആര്. വിനോദിനിയാണ് ഭാര്യ.