‘വിധി’ യിൽ മാപ്പ് പറഞ്ഞ് എം എം മണി, തീരുമാനം സ്പീക്കർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ
നിയമസഭയില്‍ വടകര എം എൽ എ കെ കെ രമയ്ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് എം എം മണി. വിവാദ പരാമര്‍ശത്തില്‍ സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എം എം മണി പരാമര്‍ശം പിന്‍വലിച്ചത്.
എന്തെങ്കിലും ദുരദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല കെ കെ രമക്കെതിരെ പറഞ്ഞത്. തന്റെ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലക്ക് വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു എന്നാണ് എം എം മണി പറഞ്ഞത്. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് എം എം മണി സഭയില്‍ പറഞ്ഞു.
എം എം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ഭാഗങ്ങള്‍ ഉൾപ്പെട്ടിട്ടുണ്ട്. അതൊട്ടും പുരോഗമനപരമായ നിലപാടല്ലെന്നാണ് സ്പീക്കര്‍ എം ബി രാജേഷ് അഭിപ്രായപ്പെട്ടത്. ഒരു വാക്കിന് തന്നെ പല സാഹചര്യത്തില്‍ പല അര്‍ത്ഥങ്ങളാവും, എല്ലാ ആളുകള്‍ക്കും അത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും സ്പീക്കര്‍ നിരീക്ഷിച്ചു. പിന്നാലെയാണ് എം എം മണി പരാമര്‍ശം പിന്‍വലിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം സെക്രട്ടേറിയറ്റ് യോഗവും പാരമര്‍ശം പിന്‍വലിക്കാന്‍ എം എം മണിയോട് ആവശ്യപ്പെട്ടിരുന്നു.
ജൂലായ് 14നാണ് നിയമസഭയില്‍ എം എം മണി കെ കെ രമയ്ക്കെതിരായ വിവാദ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ മണിയുടെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എം എം മണി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
Content Highlights: MM Mani insult KK Rama at Niyama Sabha