ജയിൽ ചാടാൻ ശ്രമിക്കുന്നതിനിടെ തടവുപുള്ളി മരത്തിൽ കുടുങ്ങി
ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടെ തടവുപുള്ളി മരത്തില്‍ കുടുങ്ങി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സംഭവം. കൊലക്കേസിലെ പ്രതിയായ സുഭാഷാണ് ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടെ മരത്തിൽ കുടുങ്ങിയത്. രണ്ട് മണിക്കൂറോളം നീണ്ട നാടകീയതയ്ക്കൊടുവില്‍ മരത്തിലെ ശിഖരമൊടിഞ്ഞ് സുഭാഷ് താഴെ വിരിച്ചിരുന്ന വലയിലേക്ക് വീണു. ഇയാളെ ജയില്‍ വകുപ്പുദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റി
ആദ്യം ഇയാള്‍ ജയില്‍ വളപ്പില്‍ നിന്ന് ഓടി പുറത്ത് കടക്കാന്‍ ശ്രമിച്ചു. ഇത് ജയിലിലെ പോലീസുദ്യോഗസ്ഥര്‍ കണ്ടു. പിന്തുടര്ന്ന് പിടിക്കാന്‍ ശ്രമിക്കവേ ഇയാള്‍ മതില് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിടിയിലാകുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് ജയില്‍ വളപ്പിന് സമീപമുള്ള മരത്തിലേക്ക് കയറുകയായിരുന്നു.
സാമൂഹിക സുരക്ഷാ മിഷന്റെ വളപ്പിലുള്ള മരത്തിലാണ് ഇയാള്‍ കയറിയത്. ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് മരത്തിന് താഴെ വലവിരിച്ച് സുരക്ഷ ഉറപ്പാക്കി. ഏറെനേരം നീണ്ട അനുനയ ശ്രമങ്ങളും ഫലം കണ്ടില്ല. അവസാനം മരത്തിന്റെ ശിഖരമൊടിഞ്ഞ് ഇയാള്‍ താഴേക്ക് വീഴുകയായിരുന്നു.
നെട്ടുകാല്‍തേരി തുറന്ന ജയിലിലെ തടവുകാരനായിരുന്നു സുഭാഷ്. ഒരുമാസം മുമ്പാണ് ഇയാളെ പൂജപ്പുരയിലേക്ക് കൊണ്ടുവന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണ് സുഭാഷെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏഴ്മാസം മുമ്പ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആളാണ്. ജഡ്ജിയെ നേരില്‍ കണ്ട് ജയില്‍ മോചിതനാകണം എന്നാണ് ഇയാളുടെ ആവശ്യം. ജഡ്ജി നേരിട്ട് വന്ന് ജാമ്യം ഒപ്പിട്ടുനല്‍കിയാല്‍ മാത്രമേ താഴെയിറങ്ങുവെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.
Content Highlights: Murder accused attempt to jump Jail