വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശത്തിന് അവകാശം; സുപ്രധാന വിധിയുമായി സുപ്രീം കോടതി
വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം ആവശ്യപ്പെടാമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി.
ജീവനാംശം നല്‍കുന്നതിനെതിരെ നേരത്തെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സിആര്‍പിസി സെക്ഷന്‍ 125 പ്രകാരം ഏതൊരു മുസ്ലിം സ്ത്രീക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെടാം. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍ നിയമം മതേതര നിയമത്തെ മറികടക്കില്ലെന്ന് കോടതി വ്യക്തമാക്കി.വിവാഹബന്ധം വേര്‍പെടുത്തിയ ഭാര്യക്ക് 10,000 രൂപ ജീവനാംശം നല്‍കണമെന്ന തെലങ്കാന ഹൈ കോടതിയുടെ വിധിക്കെതിരെ സിആര്‍പിസി സെക്ഷന്‍ 125നെ ചോദ്യം ചെയ്ത് കൊണ്ട് നേരത്തെ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സെക്ഷന്‍ 125 മതപരമായ വേര്‍തിരിവുകള്‍ക്കപ്പുറത്തേക്ക് ഇന്ത്യയിലെ വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും ഒരു പോലെ ബാധകമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജീവനാംശം എന്നത് ഔദാര്യമല്ലെന്നും അത് അടിസ്ഥാനപരമായ അവകാശമാണെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. എല്ലാ സ്ത്രീകള്‍ക്കും ലിംഗസമത്വവും സാമ്ബത്തിക സുരക്ഷിതത്വവും എന്ന തത്വം ഊട്ടിയുറപ്പിക്കുന്ന ഈ അവകാശം മതപരമായ അതിര്വരമ്ബുകള്ക്ക് അതീതമാണെന്നും കോടതി പറഞ്ഞു. എന്നാല്‍ സിആര്‍ പി സി 125 പ്രകാരം ഫയല്‍ ചെയ്യപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ കാലതാമസം വരികയാണെങ്കില്‍ 2019 ലെ വിവാഹമോചിതരായ മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കല്‍ നിയമവുമായി ബന്ധപ്പെട്ട പരിഹാരം തേടാമെന്ന് കോടതി വ്യക്തമാക്കി. ഇത് സെക്ഷന്‍ 125 പ്രകാരമുള്ള നിയമപരിഹാരത്തിന് പുറമെയായിരിക്കും.