ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക നല്കി; പ്രഥമ നിര്‍ദേശകനായി നരേന്ദ്ര മോദി
രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദ്രൌപതി മുർമുവിന്റെ പേര് നാമനിര്‍ദേശം ചെയ്തത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പിന്തുണ അറിയിച്ചു, മുതിര്‍ന്ന ബിജെപി നേതാക്കള്‍, ബിജെപി മുഖ്യമന്ത്രിമാര്‍, എന്‍ഡിഎ സഖ്യക്ഷി നേതാക്കള്‍, ബിജു ജനദാതള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പത്രികാ സമര്‍പ്പണ വേളയില്‍ പങ്കെടുത്തു.
ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും ഒഡീഷയിലെ ആദിവാസി ഗോത്ര വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവുമാണ് ദ്രൗപദി മുര്‍മു. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹ തിങ്കളാഴ്ച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജൂലൈ 18നാണ് രാഷ്ട്രപതി തെരെഞ്ഞെടുപ്പ് . ജൂലൈ 21ന് ഫലം പ്രഖ്യപിക്കും.
Content Highlights – Draupadi Murmu, Filed her nomination papers for the forthcoming Presidential elections