നീറ്റ് പരീക്ഷാ വിവാദം – വിശദമായ അന്വേഷണം നടത്തുമെന്ന് എൻ ടി എ; വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു
കഴിഞ്ഞ ദിവസം കൊല്ലത്തെ സെന്ററിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. അന്വേഷണത്തിന്റെ ഭാഗമായി വസ്തുതാന്വേഷണ സമിതിക്ക് വിദ്യാഭ്യാസ മന്ത്രാലയം രൂപംനല്കി. കേരളത്തിലെത്തുന്ന സമിതി, സംഭവത്തെ കുറിച്ചുള്ള എല്ലാ വിവരവും പരീക്ഷാകേന്ദ്രത്തില്‍ ഉണ്ടായിരുന്നവരില്‍നിന്ന് ചോദിച്ചറിയും.
സമിതിയുടെ കണ്ടെത്തലുകളെ ആസ്പദമാക്കിയായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം, ഇത്തരത്തിലുള്ള സംഭവം നടന്നതായി പരീക്ഷാകേന്ദ്രത്തിലുണ്ടായിരുന്ന നിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നാണ് തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ എൻ ടി എ പറഞ്ഞിരുന്നത്.
ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ദേശീയ വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മ നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നു. നീതിപൂര്‍വമായ അന്വേഷണം നടത്തി മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനത്തെ ഡി ജി പിക്കും രേഖാ ശര്‍മ കത്തയച്ചിട്ടുണ്ട്.
Content Highlights: NEET Exam Controversy detail enquiry from NTA