“നമ്മുടെ നേതാക്കന്മാർക്ക് പണത്തോട് ആർത്തിയാണ്”
ഒടുവിൽ പത്മജയുടെ വാക്കുകൾ ശെരിവെച്ച് കെ.മുരളീധരൻ ..
ത്രീശൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചു യുഡിഫ് സ്ഥാനാർഥി ആയ കെ മുരളീധരൻ രംഗത് . തിരഞ്ഞെടുപ്പിന് ശേഷം നടന്ന കെപിസിസി യോഗത്തിൽ ആണ് കെ മുരളീധരൻ തന്റെ അതൃപ്തി പ്രകടിപ്പിച്ചത്. പ്രതാപൻ അടക്കമുള്ള നേതാക്കൾക്കെതിരെ തുറന്നടിച്ചു സംസാരിച്ചു കൊണ്ടാണ് മുരളീധരൻ പ്രതികരിച്ചത് എന്ന തരത്തിലാണ് വാർത്തകൾ വരുന്നത് . ‘തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രവർത്തകരുടെ ഭാഗത്ത് നിന്നും കെടുകാര്യസ്ഥത ഉണ്ടായി’ എന്നാണ് മുരളീധരൻ യോഗത്തിൽ ചൂണ്ടിക്കാട്ടിയത് . മുൻ എംപി ടി.എൻ പ്രതാപനെയും ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂരിനെയും പേരെടുത്ത് വിമർശിച്ചായിരുന്നു മുരളീധരൻ പ്രതികരിച്ചത്. ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണെന്നും തിരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായത് ഇതുകാരണമാണെന്നും മുരളീധരൻ വിമർശിച്ചു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് മുരളീധരൻ ആഞ്ഞടിച്ചതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തത്. തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പല കെടുകാര്യസ്ഥതയും ഉണ്ടായി. പ്രതാപന്റെയും ജോസ് വെള്ളൂരിന്റെയും ഭാഗത്ത് നിന്ന് വീഴ്ചകൾ സംഭവിച്ചു. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഭാരിച്ച ചെലവുകളുണ്ടായെന്ന് മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകളും കണക്കുകളും അതത് മണ്ഡലങ്ങളിലെ ഡിസിസി പ്രസിഡന്റുമാർ അവതരിപ്പിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് യോഗത്തിൽ നടന്നത്. ഇതിനിടെയായിരുന്നു കെ. മുരളീധരന്റെ രൂക്ഷ വിമർശനം.. അതേസമയം താൻ പറഞ്ഞതായി പുറത്തുവരുന്നത് തെറ്റായ കാര്യങ്ങളാണെന്ന് വാർത്ത പുറത്തുവന്നതോടെ മുരളീധരൻ പ്രതികരിച്ചു. തൃശ്ശൂരിൽ യുഡിഎഫ് അമ്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ പറയാത്ത കാര്യങ്ങളാണ് വാർത്തയായി വന്നതെന്നും മുരളീധരൻ പ്രതികരിച്ചു. നേരരത്തെ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്ക് സി പി എം വോട്ട് മറിച്ചെന്ന ആരോപണവുമായി മുരളി രംഗത്തുവന്നിരുന്നു. പലയിടത്തും ക്രോസ് വോട്ടിങ് ഉണ്ടായെന്നും ഗുരുവായൂർ, നാട്ടിക മണ്ഡലങ്ങളിൽ ഇത് പ്രകടമായെന്നും മുരളീധരൻ പറഞ്ഞിരുന്നു. ‘ബിജെപി-സി പി എം ഡീൽ നടന്നിട്ടുണ്ട്. ഗുരുവായൂർ,നാട്ടിക മണ്ഡലം കേന്ദ്രീകരിച്ചാണ് ഡീൽ നടന്നിട്ടുള്ളത്. തിരഞ്ഞടുപ്പിന്റെ ബൂത്ത് തല അവലോകനം നടത്തിയിരുന്നു. ഈ രണ്ട് മണ്ഡലത്തിലാണ് ഇത് പ്രകടമായി കാണാനായത്. മറ്റ് മണ്ഡലങ്ങളിൽ സി പി എം നേതാക്കളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ഇതിനെല്ലാം പുറമെ സാധാരണ തർക്കങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് സമാപിച്ചതെന്നുമായിരുന്നു മുരളീധരൻ പറഞ്ഞത്. സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം എടുത്തതോടെ അവരെ നേരിടാൻ വെല്ലുവിളിയെന്ന നിലയിലാണ് കെ മുരളീധരൻ വടകരയിൽ നിന്നും തൃശ്ശൂരിലേക്ക് വണ്ടി കയറിയത്. ഇതോടെ അതുവരെ പണിയെടുത്ത പ്രതാപന് തിരിച്ചടി ആകുകയും ചെയ്തു. എങ്കിലും ക്ഷീണം മറച്ചുവെച്ചു കൊണ്ട് കെ മുരളീധരന് വലിയ സ്വീകരണമാണ് പ്രതാപൻ തൃശ്ശൂരിൽ നൽകിയത്. ചാനൽ ക്യാമറകൾക്ക് മുന്നിൽ മുരളീധരനെ കെട്ടിപ്പിടിച്ച് മുത്തം കൊടുത്താണ് പ്രതാപൻ സ്വീകരിച്ചത്. മുരളീധരനെ വിജയിപ്പിക്കുന്നത് വരെ ഒപ്പമുണ്ടാകുമെന്നായിരുന്നു പ്രതാപൻ പറഞ്ഞത് . മാത്രമല്ല നേരത്തെ കോൺഗ്രസ് വിട്ട സഹോദരി പത്മജാ വേണുഗോപാൽ, ഉയർത്തിയ വിമർശനമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മുരളീധരനും ചൂണ്ടിക്കാണിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുളള ദീപാദാസ് മുൻഷി, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ അടക്കം പങ്കെടുത്ത യോഗത്തിലാണ് കെ മുരളീധരൻ വിമർശനമുന്നയിച്ചത്.