ഫോട്ടോഗ്രാഫറെ മുൻ ഭർത്താവ് വെടിവെച്ച് കൊന്നു; പിന്നാലെ ആത്മഹത്യ

പാക്കിസ്ഥാൻ വംശജയും അമേരിക്കൻ ഫോട്ടോഗ്രാഫറുമായ സാനിയ ഖാനെ മുൻ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഷിക്കാഗോയിലെ അവരുടെ അപ്പാർട്മെന്റിൽ വെച്ചാണ് റഹീൽ അഹമ്മദ് സാനിയക്ക് നേരെ വെടിവെച്ചത്. ഇവരുടെ തലയ്ക്കു പിന്നിലാണ് വെടിയേറ്റത്.റഹീല്‍ അഹമ്മദ് സാനിയയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
സാനിയയുടെ കിടപ്പു മുറിയിൽ തലയ്ക്ക് വെടിയേറ്റ് കിടക്കുന്ന നിലയിലാണ് റഹീൽ അഹമ്മദിനെ പൊലീസ് കണ്ടെത്തിയത്. ഇയാളുടെ കയ്യിൽ വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കും ആത്മഹത്യകുറിപ്പും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു.
ഈ വർഷം മേയിൽ ഇരുവരുടെയും വിവാഹബന്ധം തകർന്നതിനെ തുടർന്ന് റഹീൽ അഹമ്മദ് വിഷാദത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഷിക്കാഗോയിലെത്തിയാണ് ഇയാൾ കൊല നടത്തിയത്. ആത്മഹത്യാക്കുറിപ്പിൽ സാനിയയുടേത് കൊലപാതകവും റഹീലിന്റേത് ആത്മഹത്യയുമാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇത് തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനവും.