ഈ ദിനം ചരിത്ര ദിനം, ‘ഇന്ത്യ’വേദിയായി കേരള സമരം; പോരാട്ടം ഫെഡറലിസത്തെ സംരക്ഷിക്കാനെന്ന് പിണറായി;
എല്ലാ സംസ്ഥാനങ്ങളെയും തുല്യതയോടെ പരിഗണിക്കുന്ന പുതിയൊരു പുലരിക്ക് വേണ്ടിയുള്ള സമരത്തിനാണ് ജന്തർമന്തറിൽ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരേ ഡൽഹിയിൽ ആരംഭിച്ച ഇടതുമുന്നണിയുടെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ചരിത്രമുന്നേറ്റത്തിനാണ് ഇവിടെ നാന്ദി കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഒരു ചരിത്ര സന്ധിയിലാണ് നമ്മൾ എന്നോർമിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. സംസ്ഥാനങ്ങളുടെ യൂണിയനായി വിഭാവനം ചെയ്യപ്പെട്ട ജനാധിപത്യം ഇന്ന് ജനാധിപത്യ വിരുദ്ധമായ സംസ്ഥാനങ്ങൾക്കുമേലുള്ള യൂണിയൻ എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിന്റെ ദൃശ്യത കാണുന്നുണ്ട്. ഇതിനെതിരായ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ്, ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. സംസ്ഥാനങ്ങളോടു നീതിപൂർവമായുള്ള പെരുമാറ്റം ഉറപ്പുവരുത്തുന്ന പുതിയൊരു പുലരിക്ക് വേണ്ടിയുള്ള ഒരു പോരാട്ടത്തിന് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്. റിപ്പബ്ലിക് ഇന്ത്യയുടെ ചരിത്രത്തിൽ ഈ ദിനം ചുവന്ന അക്ഷരത്തിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനമടക്കം വിവിധ മേഖലകളിലുളള സംസ്ഥാനങ്ങളുടെ അധികാരങ്ങളിലും ചുമതലകളിലും കൈകടത്തുന്നതിന് വേണ്ടി വർഷങ്ങളായി കേന്ദ്രം നിയമങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കൃഷി, വിദ്യാഭ്യാസം, അധികാരം, കോർപ്പറേഷൻ തുടങ്ങിയ മേഖലകളിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന നിയമങ്ങൾ കേന്ദ്രം ഉണ്ടാക്കി. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുന്നതിനു ചൂണ്ടിക്കാണിക്കാവുന്ന ഉദാഹരണങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം കൂടുതൽ തുക ചെലവാക്കുന്ന പദ്ധതികളിൽ പോലും കേന്ദ്ര പദ്ധതികളുടെ പേര് ബ്രാൻഡ് ചെയ്യണമെന്ന നിർബന്ധമാണ് കേന്ദ്രം പുലർത്തുന്നത്. ഇല്ലെങ്കിൽ കേന്ദ്രത്തിൽനിന്നുള്ള വിഹിതം നൽകില്ലെന്ന് അവർ പറയുന്നു. അങ്ങനെ ചെയ്യുമ്പോൾ അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളുടെ ആത്മാഭിമാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ജനങ്ങളുടെ ക്ഷേമം ആഗ്രഹിക്കുന്ന ഒരു സർക്കാരിനും സ്വന്തം പൗരന്മാരെ ഇത്തരത്തിൽ നാണംകെടുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിൽനിന്ന് കേരളം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തിൽ പ്രതിപാദിച്ചു.