മുസ്ലിംലീഗിന്റെ ഏക സിവില്‍കോഡ് സെമിനാറിലേക്ക് സിപിഎമ്മിനും ക്ഷണം
മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏക സിവില്‍കോഡ് സെമിനാറിലേക്ക് സിപിഎമ്മിനും ക്ഷണം. മുസ്ലിം കോര്‍ഡിനേഷന്റെ പേരിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സിപിഎമ്മിനെ ക്ഷണിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെ എല്ലാ മത സംഘടനകളേയും ക്ഷണിച്ചിട്ടുണ്ട്. സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേത് അല്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് അധ്യക്ഷത വഹിക്കുന്നത്.
നേരത്തെ ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച സെമിനാറിലേക്ക് മുസ്ലീംലീഗിന് ക്ഷണമുണ്ടായിരുന്നെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസടക്കമുള്ള യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ക്ഷണം നിരസിച്ചിരുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു. ‘പുതുപ്പള്ളി കോണ്‍ഗ്രസിന്റെ സീറ്റാണ്, ആരെ മത്സരിപ്പിച്ചാലും ലീഗ് പിന്തുണയ്ക്കും. സിപിഎമ്മും ബിജെപിയും മല്‍സരിക്കരുതെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ ആവശ്യത്തില്‍ തെറ്റില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി. അതില്‍ തീരുമാനമെടുക്കേണ്ടത് അതത് രാഷ്ട്രീയ പാര്‍ട്ടികളാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അത് നടക്കുമോ എന്നറിയില്ലെന്നും പിഎംഎ സലാം പറഞ്ഞു.