പ്രവാസിയുടെ കൊലപാതകം; എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പൊലീസ്
കാസർക്കോട്ടെ പ്രവാസി അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് കാസർക്കോട് ജില്ലാ പൊലീസ് മേധാവി. ക്വട്ടേഷൻ സ്വീകരിച്ച പ്രതിയുടെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാവുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
പ്രവാസിയുടെ മരണകാരണം തലക്ക് പിന്നിലേറ്റ ക്ഷതമാണെന്ന് വ്യക്തമാക്കുന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. അരക്ക് താഴെ നിരവധി തവണ മർദിച്ചതിന്റെ പാടുകളും ഉണ്ട്. കാൽ വെള്ളയിലും അടിച്ച പാടുകളുണ്ട്. നെഞ്ചിലും ചവിട്ടേറ്റിട്ടുണ്ട്. സിദ്ദിഖിനെ പ്രതികൾ തലകീഴായി തൂക്കിയിട്ട് മർദിച്ചെന്നും സഹോദരൻ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു.
കേസിൽ ഇതുവരെ അഞ്ച് പേരാണ് പ്രതികളായുള്ളത്. കൊലപാതകം നടന്ന വീട്ടിലെത്തി പൊലീസ് പരിശോധ നടത്തി. സംഘം ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പൊലീസ് കണ്ടെത്തി. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുത്തു. അബൂബക്കർ സിദ്ദിഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോവാൻ നിർദേശം നൽകിയത് മഞ്ചേശ്വരം സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൈവളിക നുച്ചിലയിലെ വീട്ടിലാണ് തട്ടിക്കൊണ്ടു പോയവരെ താമസിപ്പിച്ചിരുന്നത്. വീട്ടുടമക്ക് കൃത്യത്തിൽ പങ്കില്ലെന്ന് പൊലീസ് പറയുന്നു.
Content Highlights: Pravasi Murder Kasarkode arrest