കൊല്ലത്ത് വരനും വധുവും തമ്മിലുണ്ടായ തര്‍ക്കത്തിനു പിന്നാലെ ബന്ധുക്കള്‍ ഏറ്റമുട്ടി; വിവാഹം മുടങ്ങി
കൊല്ലത്ത് വരനു വധുവും വഴക്കിട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വിവാഹം മുടങ്ങി. പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മില്‍ നടക്കാനിരുന്ന വിവാഹമാണ് മുടങ്ങിയത്. പാരിപ്പള്ളിയിലെ ഓഡിറ്റോറിയത്തിലായിരുന്നു ശനിയാഴ്ച വിവാഹം നടക്കാനിരുന്നത്.
വെള്ളിയാഴ്ച വൈകിട്ട് മെഹന്തി ചടങ്ങിനായി വധുവിന്റെ വീട്ടില്‍ വരന്റെ സംഘമെത്തിയപ്പോളായിരുന്നു സംഭവം. വരനും വധുവും തമ്മില്‍ വഴക്കിട്ടു പിരിയുകയും പിന്നീട് ഇരു വീട്ടുകാരും ബന്ധുവീട്ടില്‍ വെച്ച് മധ്യസ്ഥ ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വരന്റെ പിതാവിന് മര്‍ദ്ദനമേറ്റു.
ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരു വീട്ടുകാരുടെയും പരാതിയില്‍ പാരിപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും യുവതിയുമായുള്ള വിവാഹം ഒന്‍പത് മാസം മുന്‍പാണ് ഉറപ്പിച്ചത്.
യുവതിയുടെ വീട്ടുകാര്‍ ആദ്യഘട്ടത്തില്‍ പ്രണയത്തെ എതിര്‍ത്തെങ്കിലും പിന്നീട് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷം വിദേശത്തേക്കു പോയ യുവാവ് വിവാഹത്തിനായാണ് നാട്ടിലെത്തിയത്.