2-1ന് തോറ്റു; ആദ്യ കളിയില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ
ലോകകപ്പ് ഗ്രൂപ്പ് സി മത്സരത്തില്‍ അര്‍ജന്റീനയെ തോല്പിച്ച് സൗദി അറേബ്യ. ഖത്തര്‍ ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ തന്നെ മെസ്സിയുടെ അര്‍ജന്റീന ദുര്‍ബലര്‍ എന്ന് കരുതിയ ടീമിനോട് തോറ്റു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടു നിന്ന അര്‍ജന്റീനയെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടു ഗോളടിച്ച് സൗദി ഞെട്ടിച്ചിരുന്നു.
അര്‍ജന്റീനയുടെ 36 മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചു കൊണ്ടുള്ള കുതിപ്പിനു കൂടിയാണ് ലോകകപ്പ് മത്സരത്തില്‍ സൗദി വിരാമമിട്ടത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മെസ്സി സൗദിയുടെ പോസ്റ്റിലേക്ക് ആദ്യ ഷോട്ട് ഉതിര്‍ത്തു. തൊട്ടു പിന്നാലെ പെനാല്‍റ്റിയിലൂടെ മെസ്സി തന്നെ ആദ്യ ഗോള്‍ കുറിക്കുകയും ചെയ്തു. ഇതോടെ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മെസ്സി മാറി.
പിന്നീട് ഏഴു തവണ സൗദിയുടെ പോസ്റ്റില്‍ മെസ്സിയുള്‍പ്പെടെയുള്ള അര്‍ജന്റീന താരങ്ങള്‍ ബോള്‍ എത്തിച്ചെങ്കിലും എല്ലാം ഓഫ്സൈഡായിരുന്നു. 48-ാം മിനിറ്റില്‍ സാലി അല്‍ ഷെഹ്രി സൗദി അറേബ്യയ്ക്കു വേണ്ടി സമനില ഗോള്‍ നേടി. അഞ്ചുമിനിറ്റിനുശേഷം സലിം അല്‍ ദോസരി രണ്ടാമത്തെ ഗോളും നേടി സൗദിയുടെ മേല്‍ക്കൈ കുറിച്ചു. പിന്നീട് പ്രതിരോധത്തിലും ആക്രമണത്തിലും ഊന്നി കളിച്ചതോടെ അര്‍ജന്റൈന്‍ കുതിപ്പിന് സൗദി അക്ഷരാര്‍ത്ഥത്തില്‍ കടിഞ്ഞാണിടുകയായിരുന്നു.