നൂപുർ ശർമയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
ടെലിവിഷൻ ചർച്ചക്കിടെ പ്രവാചകനെ നിന്ദിച്ച വിഷയത്തില്‍ ബി ജെ പി മുൻ വക്താവ് നൂപുർ ശർമക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി.
അറസ്റ്റ് തടയണമെന്നും വിഷയത്തില്‍, രാജ്യത്തിന്റെ പലഭാഗത്തായി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂപുര്‍ ശർമ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ അടുത്തവാദം കേള്‍ക്കുന്നതുവരെ നൂപുറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.
നൂപുർ ശർമക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നാക്കുന്നതില്‍ അഭിപ്രായം അറിയിക്കാന്‍ വിവിധ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു. ഡല്‍ഹി, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍ പ്രദേശ്, ജമ്മു കശ്മീര്‍, അസം എന്നീ സംസ്ഥാനങ്ങളോടാണ് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒന്‍പത് എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട നൂപുറിന്റെ ഹര്‍ജി ഓഗസ്റ്റ് പത്തിന് കോടതി വീണ്ടും പരിഗണിക്കും.
Content Highlights: SC consider Nupur Sharma’s arrest