ശോഭാ സുരേന്ദ്രന് അവഹേളിക്കുന്നുവെന്ന് പരാതി, ബിജെപിയിൽ പൊട്ടിത്തെറി !
സംസ്ഥാന ബിജെപിയില്‍ വീണ്ടും പോര് മുറുകുന്നു. ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചു. സുരേന്ദ്രനുള്‍പ്പടെ ഔദ്യോഗിക പക്ഷത്തുള്ള നേതാക്കള്‍ക്കെതിരെ പരാതിയുമായി ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എതിര്‍പക്ഷം. പാര്‍ട്ടി നേതാക്കളെയും പാര്‍ട്ടിയേയും ശോഭാ സുരേന്ദ്രന് അവഹേളിക്കുന്നു എന്ന് കാണിച്ചാണ് ഔദ്യോഗിക വിഭാഗം പരാതി നല്‍കിയത്. വി. മുരളീധരനും കെ. സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രന് പരോക്ഷ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പരാതി.പരസ്യപ്രസ്താവനകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും പരാതി പാര്‍ട്ടി വേദികളില്‍ പറയണമെന്നും കഴിഞ്ഞദിവസം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരാണ് ഈ സുധീര്‍ എനിക്ക് ഒരു സുധീറിനേയും അറിയില്ല എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.
ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നു എന്നും പരാതിയിലുണ്ട്. ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷും പ്രകാശ് ജാവദേക്കറും ശോഭാ സുരേന്ദ്രനുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ബിജെപി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചതിന് പിന്നാലെ ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ക്കെതിരെ പരാതിയുമായി ദേശീയ നേതാക്കളെ സമീപിക്കാനാണ് മറുപക്ഷത്തുള്ള നേതാക്കളുടെ തീരുമാനം.
കൊടകര കുഴല്‍പ്പണക്കേസ് പ്രതി ധര്‍മരാജുമായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുള്ള ബന്ധം അന്വേഷിക്കണം, ഔദ്യോഗിക വിഭാഗത്തിലെ പല നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ശ്രോതസ്സും അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. സുരേന്ദ്രന് ഉള്‍പ്പടെ ഔദ്യോഗിക വിഭാഗത്തിലുള്ള പല നേതാക്കളും അതിവേഗമാണ് സമ്പന്നരായതെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ നേതാക്കളുടെ ആസ്തി കുത്തനെ കൂടിയെന്നും പരാതിയിലുണ്ട്. ഈ വിഷയത്തില്‍ ദേശീയ നേതൃത്വത്തിന്റെ അന്വേഷണം ആവശ്യപ്പെടാനാണ് മറുപക്ഷത്തെ നേതാക്കളുടെ നീക്കം.