അസംഖാന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീം കോടതി – കുറ്റാരോപിതനുമായി ബന്ധമില്ലാത്ത ആരോപണങ്ങളിൽ ഹൈക്കോടതിക്ക് വിമർശനം
മുതിർന്ന സമാജ് വാദി പാർട്ടി നേതാവ് അസം ഖാന് സുപ്രിംകോടതി സ്ഥിരം ജാമ്യം അനുവദിച്ചു. ഭൂമി കയ്യേറ്റ കേസിലാണ് ജാമ്യം നൽകിയത്. കുറ്റാരോപിതനുമായി ബന്ധമില്ലാത്ത പരാമർശങ്ങൾ നടത്തുകയും കർശന ജാമ്യ വ്യവസ്ഥകൾ ചുമത്തുകയും ചെയ്യുന്ന ഹൈക്കോടതികളുടെ രീതിയെ സുപ്രിംകോടതി വിമർശിച്ചു. ഹൈക്കോടതികളിൽ അടുത്തകാലത്ത് കണ്ടുവരുന്ന പുതിയ രീതിയുടെ തെളിവാണ് അസം ഖാന്റെ കേസെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കറിന്റെ ബെഞ്ച് പറഞ്ഞു.
അസം ഖാന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി അസം ഖാനെ ഉത്തർപ്രദേശിലെ രാഷ്ട്രീയ അതികായകൻ, രാഷ്ട്രീയ നേതാവ്, വെർച്വർ പൊളിറ്റിക്കൽ ജയന്റ് എന്നിങ്ങനെയെല്ലാം വിശേഷിപ്പിച്ചിരുന്നു. സ്ഥിരം ജാമ്യം ലഭിക്കണമെങ്കിൽ ഭൂമി കയ്യേറ്റ കേസിന്റെ കേന്ദ്രബിന്ദുവായ 13.842 ഹെക്ടർ ഒഴിപ്പിക്കൽ വസ്തുക്കളുടെ അളവെടുപ്പ്, ഭിത്തികെട്ടൽ ബാർബ് വയറിങ് എന്നിവയുമായി അദ്ദേഹം പൂർണമായി സഹകരിക്കണം എന്നതുൾപ്പെടെ കർശന വ്യവസ്ഥകളാണ് കോടതി പറഞ്ഞത്. ഇതിനെതിരെയാണ് സുപ്രിംകോടതി രംഗത്തെത്തിയത്.
ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും നിബന്ധനകളും കേസുമായി ബന്ധമില്ലാത്തതും കർശനവുമാണെന്ന് അസം ഖാന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, നിസാം പാഷ എന്നിവർ സുപ്രിംകോടതിയെ അറിയിക്കുകയായിരുന്നു. ജാമ്യാപേക്ഷയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ഹൈക്കോടതി പരാമർശിച്ചതായി കണ്ടെത്തിയ മറ്റൊരു കേസാണിതെന്ന് സുപ്രിംകോടതി പറഞ്ഞു.
Content Highlights: Supreme Court Grant Bail to Azam Khan