പരാതി പറയുന്ന വനിതാ ജീവനക്കാർ ആരൊക്കെ? വിവാദ സർക്കുർലർ പിൻവലിച്ച് ടൂറിസം വകുപ്പ്
ജോലിസ്ഥലത്തെ അക്രമങ്ങളെ കുറിച്ചു പരാതിപ്പെടുന്ന വനിതാജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ ടൂറിസം ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ റദ്ദാക്കി. സർക്കുലർ വിവാദമായതോടെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഇടപെട്ടാണ് റദാക്കിയത്.
ഈ മാസം 17-നായിരുന്നു ടൂറിസം ഡയറക്ടർ കൃഷ്ണ തേജ, വനിതാജീവനക്കാർ നൽകുന്ന പരാതിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ചില ജീവനക്കാർ അടിസ്ഥാനഹരിതമായ പരാതികൾ ഉന്നയിക്കുന്നെന്നും വ്യാജ പരാതികൾ വകുപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന സാഹചര്യത്തിൽ പരാതി നൽകുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കുകയും തുടർ നടപടി എടുക്കുകയും വേണമെന്നായിരുന്നു ഡയറക്ടറുടെ സർക്കുലർ.
വിഷയത്തിൽ സ്ഥാപന മേധാവികൾ ജാഗ്രത പുലർത്തണമെന്നും ഡയറക്ടറുടെ സർക്കുലറിലുണ്ടായിരുന്നു. ഈ സർക്കുലർ വിവാദമായതോടെയാണ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടതും ടൂറിസം ഡയറക്ടറിൽനിന്ന് വിശദീകരണം തേടുകയും ചെയ്തത്.
സർക്കാർ നയങ്ങൾക്ക് നിരക്കാത്തതും വനിതാ ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കുന്നതുമാണ് സർക്കുലർ എന്ന് മന്ത്രി വിലയിരുത്തി. വിഷയത്തിൽ വിശദീകരണം നൽകണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
Content Highlights: Tourism department controversial circular withdraw