അധ്യാപക സംഘടനകളുടെ എതിർപ്പ് : അധ്യയന ദിനങ്ങൾ 205 ആയി കുറച്ചു
2023-24 അക്കാദമിക വർഷത്തെ അധ്യയന ദിനങ്ങൾ 205 ആയി ആക്കിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
അധ്യാപക സംഘടനകളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ 01 മുതൽ 05 വരെയുള്ള തീയതികൾ വേനൽക്കാല അവധി ദിവസങ്ങളായി തുടരും. വേനലവധി ദിവസങ്ങൾക്ക് മാറ്റമില്ല. യോഗത്തിൽ അധ്യാപക സംഘടനകളുടെ അഭ്യർത്ഥന മാനിച്ചാണ് 210 സ്കൂൾ പഠന ദിവസങ്ങൾ എന്നത് 205 പഠനദിവസങ്ങൾ എന്നാക്കിയത്.
മുഴുവൻ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ല. അദ്ധ്യയന വർഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളിൽ 13 ശനിയാഴ്ചകൾ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങൾ വേണം എന്ന് നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയിൽ 5 ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്ത ആഴ്ചകളിൽ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.
2022-23 അക്കാദമിക വർഷത്തിൽ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറിൽ ഉണ്ടായിരുന്നത്. അതിനോടൊപ്പം 4 ശനിയാഴ്ചകൾ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങൾ ആണ് 2022-23 അക്കാദമിക വർഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വർഷത്തിൽ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേർന്ന് 205 അധ്യയന ദിനങ്ങൾ ആണ് ഉണ്ടാകുക.