വിദേശത്ത് നിന്ന് പണപ്പിരിവ് നടത്തി: പേടിപ്പിക്കാൻ നോക്കണ്ടെന്ന് വി ഡി സതീശൻ
വിദേശത്ത് പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
തനിക്കെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തി പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എന്നെ പ്രോസിക്യൂട്ട് ചെയ്യാൻ സ്പീക്കറോട് അനുമതി തേടി. ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ സ്പീക്കറും ആവശ്യം തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ചും പിന്നാലെ ഡിവിഷൻ ബെഞ്ചും പരാതി തള്ളിക്കളഞ്ഞു. എനിക്കെതിരെ സർക്കാരിന് ഏത് അന്വേഷണം വേണമെങ്കിലും നടത്താമെന്ന് നിയമസഭയിൽ പറഞ്ഞതുമാണ് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി ദേശാഭിമാനി എനിക്കെതിരെ വാർത്ത കൊടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഞാൻ 81 തവണ വിദേശ സന്ദർശനം നടത്തിയെന്നാണ് ദേശാഭിമാനി പറയുന്നത്. പാസ്പോർട്ട് വേണമെങ്കിൽ മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിക്കാമെന്ന് നിയമസഭയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 81 തവണയോ അതിന്റെ പകുതി തവണയോ ഞാൻ വിദേശത്ത് പോയിട്ടില്ല. അങ്ങനെ പോയിട്ടുണ്ടെങ്കിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കാമെന്ന് നിയമസഭയിൽ പറഞ്ഞതുമാണ്. ദേശാഭിമാനി മഞ്ഞപത്രമായി മാറിയിരിക്കുകയാണ്. അവർ സർക്കുലേഷൻ കൂട്ടാൻ വേണ്ടി നടത്തുന്ന ശ്രമങ്ങളെ സംബന്ധിച്ച് ഞാൻ ചില പഠനങ്ങൾ നടത്തുന്ന കാര്യം അറിയാവുന്നതു കൊണ്ടാണ് എനിക്കെതിരെ നിരന്തരമായി ആരോപണം ഉന്നയിക്കുന്നത്. ഏത് ആരോപണത്തിലും അന്വേഷണം നടത്തട്ടെ. സർക്കാർ അവരുടേതല്ലേ. എന്നെയാണോ പേടിപ്പിക്കുന്നത്?
മറ്റ് പത്രങ്ങളുടെ സർക്കുലേഷൻ സ്പെഷൽ ബ്രാഞ്ചിനെക്കൊണ്ട് ദേശാഭിമാനി അന്വേഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് പത്രത്തിന്റെ വരിക്കാരാക്കുന്നത്. പത്രത്തിന്റെ സർക്കുലേഷൻ വർധിപ്പിക്കുന്നതിനായി ഒരു കാലത്തും ചെയ്യാത്ത തരത്തിലുള്ള കാര്യങ്ങൾ ചെയ്തത് സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്ത് വരും. ഞാൻ അതിന്റെ പിന്നാലെയാണെന്ന് ബോധ്യമായതോടെയാണ് എനിക്കെതിരെ നിരന്തരം വാർത്ത നൽകിത്തുടങ്ങിയത് എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.