കെ എസ് ശബരീനാഥനെതിരായ കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റും അരുവിക്കര മുൻ എം എൽ എയുമായ ശബരിനാഥന്റെ അറസ്റ്റ് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇല്ലാത്ത കേസുണ്ടാക്കി സർക്കാർ കോടതിയെക്കൂടി കബളിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വിമാനത്തിലെ പ്രതിഷേധക്കാരുടെ കയ്യിൽ ആയുധം ഇല്ലായിരുന്നുവെന്നും എന്നാൽ യൂത്ത് കോൺഗ്രസുകാർ ചെയ്തതിനേക്കാൾ ഗുരുതരമായ തെറ്റ് ചെയ്ത ഇ.പി ജയരാജനെതിരെ കേസെടുത്തില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിനാഥനെ കേസിലെ നാലാം പ്രതിയാക്കിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെയാണ് ശബരീനാഥൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരീനാഥൻറെ അറസ്റ്റ് പത്തരയോടെ രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. അറസ്റ്റ് ചെയ്ത രേഖ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. കേസിൽ ശബരീനാഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് ജഡ്ജിക്ക് മുൻപിൽ എത്തുന്നതിന് മുൻപേ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് സർക്കാർ വാദം. ഇതിലും ഒത്തുകളി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ വാട്സ് ആപ് ഗ്രൂപ്പിലെ കെ എസ് ശബരിനാഥന്റെ ആഹ്വാനമാണ് വിമാനത്തിലെ പ്രതിഷേധത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന പ്രോസിക്യൂഷൻ വാദം ശരിയാണെന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു. ഇതോടെയാണ് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ ശബരീനാഥന് പൊലീസ് നോട്ടീസ് നൽകിയത്.
Content Highlights: VD Satheeshan on KS Sabareenadhan’s arrest