വിജയ് ബാബുവിന് ദുബായില്‍ ഒളിത്താവളം ഒരുക്കിയത് സ്വര്‍ണ്ണക്കടത്തിന് പിടിയിലായ നിര്‍മാതാവ്
ബലാല്‍സംഗക്കേസില്‍ പ്രതിയായ വിജയ് ബാബുവിന് ദുബായില്‍ താമസമൊരുക്കിയത് ഇറച്ചിവെട്ടു യന്ത്രത്തില്‍ സ്വര്‍ണ്ണം കടത്തിയതിന് പിടിയിലായ സിനിമാ നിര്‍മാതാവ്. ബുധനാഴ്ചയാണ് നിര്‍മാതാവായ കെ.പി.സിറാജുദ്ദീനെ സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വിജയ് ബാബുവിന് ഒളിത്താവളമൊരുക്കിയതില് തെളിവുകള്‍ ലഭിച്ചിട്ടുള്ളതിനാല്‍ ബലാല്‍സംഗക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്യും.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തില്‍നിന്ന് രണ്ടരക്കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തിലാണ് സിറാജുദ്ദീന്റെ അറസ്റ്റ്. ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. തൃക്കാക്കര നഗരസഭ വൈസ് ചെയര്മാന് എ.എ.ഇബ്രാഹിംകുട്ടിയുടെ മകന് ഷാബിന്റെ പേരിലുള്ള കമ്പനിയിലേക്കാണു ഇറച്ചിവെട്ടുയന്ത്രം എത്തിയത്. കേസില്‍ ഷാബിന് അടക്കം മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഷാബിനെയും കൂട്ടു പ്രതികളെയും ചോദ്യംചെയ്തപ്പോഴാണ് സിനിമാനിര്‍മാതാവ് കെപി സിറാജുദ്ദീനാണ് ഗള്‍ഫില്‍നിന്ന് സ്വര്‍ണം അയച്ചതെന്ന് വ്യക്തമായത്. ചാര്‍മിനാര്‍, വാങ്ക് തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്.
സിറാജുദ്ദീന് ദുബായിലുള്ള ലെയ്ത്ത് ഫാക്ടറിയില്‍ വെച്ചാണ് ഇറച്ചിവെട്ടു യന്ത്രത്തിനുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചത്. ബിസ്കറ്റ് രൂപത്തില്‍ സ്വര്‍ണ്ണം ഒളിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ലെയ്ത്തില്‍ കടഞ്ഞ് രൂപമാറ്റം വരുത്തിയാണ് സ്വര്‍ണ്ണം യന്ത്രത്തിലാക്കിയത്. സിറാജുദ്ദീന്റെ പങ്ക് വ്യക്തമായതോടെ ഇയാളെ നാട്ടിലെത്തിക്കാന്‍ കസ്റ്റംസ് നടപടികള്‍ ആരംഭിച്ചിരുന്നു.
ഹാജരാകണമെന്ന് കാട്ടി കസ്റ്റംസ് പല തവണ നോട്ടീസ് നല്‍കിയിട്ടും ഇയാള്‍ എത്തിയിരുന്നില്ല. ഇതിനിടെ ചൊവ്വാഴ്ച ചെന്നൈയില്‍ വിമാനമിറങ്ങിയ സിറാജുദ്ദീന് നാട്ടിലെത്തിയതോടെയാണ് അറസ്റ്റിലായത്.
Content Highlights: Vijay Babu, K P Sirajuddeen, Gold Smuggling Case, Dubai