വൗ താജ്! ഇന്ത്യയിൽ റെക്കോർഡ് പണം വാരി പ്രണയത്തിന്റെ സ്മാരകം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന സ്മാരകമായി താജ്മഹൽ തുടരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ‘സ്നേഹ സ്മാരക’ത്തിന്റെ ടിക്കറ്റ് വിൽപ്പനയിലൂടെ ഏകദേശം 132 കോടി രൂപയാണ് സമാഹരിച്ചത്.
കോവിഡ്-19 മഹാമാരിയുടെ കാലത്ത്, എല്ലാ പൈതൃക സ്ഥലങ്ങളും സ്മാരകങ്ങളും മാസങ്ങളോളം അടച്ചിടുകയും സന്ദർശകരുടെ എണ്ണത്തിന് പരിധിയുണ്ടാകുകയും ചെയ്തപ്പോഴും, ഇന്ത്യയുടെ ടൂറിസത്തിന്റെ കിരീടാവകാശിയായ താജ് മഹൽ 2019-20 ൽ ഏറ്റവും ഉയർന്ന വരുമാന ശേഖരണത്തോടെ 9.5 കോടി രൂപയാണ് നേടിയത്. ഇത് ഒരു കേന്ദ്രീകൃത സംരക്ഷിത ചരിത്ര കെട്ടിടത്തിൽ നിന്നുള്ള ഏറ്റവും ഉയർന്ന വരുമാനമായിരുന്നു എന്നതും സുപ്രധാനമാണ്.
2019 മുതൽ 2022 വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിലെ എൻട്രി ടിക്കറ്റ് വിൽപ്പനയിലൂടെ എഎസ്ഐ ഉണ്ടാക്കുന്ന മൊത്തം വരുമാനത്തിന്റെ 24 ശതമാനമാണ് താജിൽ നിന്നും ലഭിച്ച വരുമാനം. 2019-20ൽ 97.5 കോടി രൂപയായിരുന്ന വരുമാനം 2021-22 കാലഘട്ടത്തിൽ ഇത് 25.61 കോടി രൂപയായി ഉയർന്നു.
രാജ്യത്തെ 143 ടിക്കറ്റ് സൈറ്റുകൾ ഉൾപ്പെടെ 3,693 സ്മാരകങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഈ സംരക്ഷിത സ്മാരകങ്ങളും സൈറ്റുകളും 2020 മാർച്ചിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് അടച്ചിടേണ്ടി വന്നിരുന്നു. പകർച്ചവ്യാധി ശമിച്ചതിന് ശേഷം, പൈതൃക കെട്ടിടങ്ങൾ വീണ്ടും തുറന്നെങ്കിലും കണ്ടെയ്ൻമെന്റ് സോണുകളിലായിരുന്ന ചില സ്മാരകങ്ങൾ വിനോദസഞ്ചാരികൾക്ക് പ്രവേശനം നിശേധിച്ചിരുന്നു. 2021-2022ൽ യഥാക്രമം 6.01 കോടിയും 5.07 കോടിയും നേടിയ റെഡ് ഫോർട്ട്, ഡൽഹിയിലെ കുത്തബ് മിനാർ എന്നിവയാണ് മറ്റ് പ്രധാന വരുമാനം നൽകുന്ന സ്മാരകങ്ങൾ.
Content Highlights: Revenue , Monuments Red Fort Qutab Minar, Taj Mahal