ഡോ.വന്ദനയുടെ വീട്ടിൽ നടത്തിയ “കരച്ചിൽ ” നാടകമല്ലെങ്കിൽ മന്ത്രി വീണ രാജി വെക്കണം – ജെബി മേത്തർ
ജസ്റ്റിസ് ഫോർ ഡോ. വന്ദനദാസ് ജസ്റ്റിസ് ഫോർ ഡോക്ടേഴ്സ് ആൻറ് ഹെൽത്ത് വർക്കേഴ്സ് എന്ന മുദ്രാവാക്യമുയർത്തി മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി.യുടെ നേതൃത്വത്തിൽ വനിതകൾ 16ന് രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം അനുഷ്ഠിക്കും.സംരക്ഷണം ആവശ്യപ്പെട്ട് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നടത്തിയ സമരത്തിന് അനുഭാവം പ്രകടിപ്പിക്കാനാണ് ഉപവാസം. വാചകമടിച്ചും റിപ്പോർട്ട് ആവശ്യപ്പെട്ടും രണ്ടു വർഷം ‘എക്സ്പീരിയൻസ്ഡ്’ ആയി പ്രവർത്തിച്ച ആരോഗ്യ മന്ത്രി സ്വയം രാജിവെച്ചൊഴിയണം. രണ്ടാം വാർഷികം പ്രമാണിച്ച് പിണറായി സർക്കാരിന് ജനങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല പിറന്നാൾ സമ്മാനമാവും ആരോഗ്യ മന്ത്രിയുടെ രാജി. ഡോ.വന്ദനയുടെ വീട്ടിൽ നടത്തിയ കരച്ചിൽ നാടകമല്ലെങ്കിൽ സ്വയം ഒഴിയാൻ സന്നദ്ധത കാണിക്കണം.
സുരക്ഷ സംബന്ധിച്ച് രണ്ടു വർഷമായി ഒരെ കാര്യമാണ് മന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്നത്. സി.സി.ടി.വി.യും പോലീസ് എയ്ഡ് പോസ്റ്റും വിമുക്ത ഭടൻമാരുടെ സേവനവും എത്ര ആശുപത്രികളിൽ ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കണം. കോഴിക്കോട്ട് സർക്കാർ ആശുപത്രിയിലെ സെക്യൂരിറ്റിക്കാരനെ തല്ലിയ സി.പി.എം നേതാവിനെതിരെ എന്തു നടപടിയെടുത്തുവെന്ന് മന്ത്രി പറയണം. ഇയാളെ പുറത്താക്കാൻ പാർട്ടിയും തയ്യാറാവണം.
ആശുപത്രികൾ പ്രധാന സുരക്ഷാ മേഖലയായി പരിഗണിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം ഗുരുതര ക്രിമിനൽ കുറ്റമായും കാണണം.കസ്റ്റഡിയിലുള്ള പ്രതികളെയും പോലീസ് കൊണ്ടു വരുന്നവരെയും പരിശോധിക്കുന്നതിന് പ്രത്യേക പ്രോട്ടോക്കോൾ ഉണ്ടാക്കണം.ഹെൽത്ത് സെൻറർ മുതൽ മെഡിക്കൽകോളേജ് വരെയുള്ള എല്ലാ ആശുപത്രികളിലും 24 മണികൂറും പോലീസ് സാന്നിധ്യം ഉറപ്പുവരുത്തണം. ആശുപത്രികളുടെ നടത്തിപ്പ് സുരക്ഷ,ചികിൽസ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പഠിക്കുന്നതിന് വിദഗ്ദ്ധ സമതിയെ നിയോഗിക്കണം. അതിന്റെ കൂടി അടിസ്ഥാനത്തിൽ നിയമം ഭേദഗതി ചെയ്യണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.