എഡിഎം നവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യക്ക് മുൻകൂര്‍ ജാമ്യമില്ല

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പ്രതി ചേർത്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്ക് മുൻകൂർ ജാമ്യമില്ല.
തലശ്ശേരി ജില്ലാ സെഷൻ കോടതിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്. ജഡ്ജി കെ ടി നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്.
പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പി പി ദിവ്യ ഇന്നലെ പയ്യന്നൂർ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് ദിവ്യ ചികിത്സ തേടിയത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയതോടെയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ അന്വേഷണസംഘം ഫലപ്രദമായ നടപടി എടുത്തിട്ടില്ല.