ഉച്ചഭക്ഷണ ഇടവേളയിൽ പോലും സോഷ്യല്‍ മീഡിയ ഉപയോഗം വേണ്ട’; ഹൈക്കോടതി ജീവനക്കാര്‍ക്ക് വിലക്ക്
ഓഫീസ് സമയത്തെ ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കി കേരള ഹൈക്കോടതി. ഓഫീസ് സമയങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുക, സോഷ്യല്‍ മീഡിയ നോക്കുക, സിനിമകള്‍ കാണുക, ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ഏര്‍പ്പെടുക തുടങ്ങിയവയാണ് വിലക്കിയത്. ഉച്ചഭക്ഷണ ഇടവേളകളില്‍ ഉള്‍പ്പെടെ ഇതൊന്നും പാടില്ലെന്നാണ് ഉത്തരവ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മൂലം ജീവനക്കാര്‍ക്ക് ജോലിയില്‍ നിന്നും ശ്രദ്ധ കുറയുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഈ നടപടി.
‘പല ജീവനക്കാരും ജോലി സമയത്തും ഇടവേളയിലും ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതിലും സോഷ്യല്‍ മീഡിയ ഉള്ളടക്കം കാണുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നു, അതുവഴി ദൈനംദിന ഓഫീസ് ജോലികള്‍ തടസ്സപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍, ഓഫീസ് സമയത്തും ഉച്ചഭക്ഷണ ഇടവേളയിലും ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഏര്‍പ്പെടുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.’ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ജി ഗോപകുമാര്‍ ഡിസംബര്‍ 2 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇതാണ് പറയുന്നത്.
കൂടാതെ, ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒഴികെ, ഉച്ചഭക്ഷണ അവധി ഒഴികെയുള്ള ഓഫീസ് സമയത്തും സോഷ്യല്‍ മീഡിയ ഉള്ളടക്കം, സിനിമകള്‍, ഓണ്‍ലൈന്‍ വ്യാപാരം മുതലായവ കാണുന്നതിന് ഓഫീസര്‍മാരും സ്റ്റാഫ് അംഗങ്ങളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിയിരിക്കുകയാണ്. ഏതെങ്കിലും തരത്തില്‍ വിലക്ക് ലംഘിച്ചാല്‍ ഗൗരവമായ നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.