ജസ്റ്റിസ് ബി ആര് ഗവായ് പടിയിറങ്ങുന്നു; ജസ്റ്റിസ് സൂര്യകാന്ത് നാളെ ചുമതലയേല്‍ക്കും
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ ബി ആര് ഗവായിക്ക് ഇന്ന് അവസാന ദിനമാണ്. അവസാന പ്രവൃത്തിദിനമായിരുന്ന വെള്ളിയാഴ്ച വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഗവായിക്ക് സുപ്രീംകോടതിയും ബാര്‍ അസോസിയേഷനും ഔദ്യോഗിക യാത്രയയപ്പ് നല്‍കിയിരുന്നു. നിയമ വിദ്യാര്‍ത്ഥി എന്ന നിലയില്‍ പൂര്‍ണ തൃപ്തിയോടെയാണ് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നതെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു.
ഇന്ത്യയുടെ രണ്ടാമത്തെ ദലിത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് ഭൂഷണ് രാമകൃഷ്ണ ഗവായ്. ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ ബുദ്ധമത വിശ്വാസിയുമാണ്. തികഞ്ഞ അംബേദ്കറിസ്റ്റാണ് താനെന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കിയിരുന്നു. 2025 മെയ് 14 നാണ് ജസ്റ്റിസ് ബി ആര് ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് ഗവായ് ചീഫ് ജസ്റ്റിസാകുന്നത്.
ചീഫ് ജസ്റ്റിസ് ഗവായിയുടെ കാലയളവില്‍ രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി ദലിത്- പിന്നാക്ക വിഭാഗങ്ങളില്‍ നിന്നായി 24 ജഡ്ജിമാരെയാണ് നിയമിച്ചത്. ഇതില്‍ 10 പേര് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നാണ്. 13 പേര് ന്യൂനപക്ഷ വിഭാഗത്തിലുള്ളവരാണ്. ഇതില്‍ 15 വനിതകളും ഉള്‍പ്പെടുന്നു. ജസ്റ്റിസുമാരായ എന്‍ വി അഞ്ജാരിയ, വിജയ് ബിഷ്ണോയി, എഎസ് ചന്ദുര്‍ക്കര്‍, അലോക് ആരാധെ, വി എം പഞ്ചോളി എന്നിവരാണ് ജസ്റ്റിസ് ഗവായിയുടെ കാലയളവില്‍ സുപ്രീംകോടതി ജഡ്ജിമാരായി നിയമിതരായത്.
സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത് 2027 ഫെബ്രുവരി ഒന്‍പത് വരെ പദവിയില്‍ തുടരും. ഹരിയാനയിലെ ഹിസാറിനടുത്തുള്ള പെട്വാഡ് ഗ്രാമത്തിലെ സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ ജനനം. 38-ാം വയസില്‍ ഹരിയാനയുടെ പ്രായംകുറഞ്ഞ അഡ്വക്കറ്റ് ജനറലായാണ് സൂര്യകാന്ത് കരിയര്‍ തുടങ്ങിയത്. 2019 മെയ് 24നാണ് ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതി ജഡ്ജിയായി നിയമിതനാകുന്നത്.













