ഉത്തർപ്രദേശ് കോടതിയുടെ വിവാദ ലൗ ജിഹാദ് പരാമർശം റദ്ദാക്കണമെന്ന ആവശ്യം; മലയാളിയുടെ ഹർജി സുപ്രീം കോടതി തള്ളി
ഉത്തർപ്രദേശിലെ ബറൈലി ജില്ലാ കോടതിയുടെ വിവാദ ലൗ ജിഹാദ് പരാമർശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വിവാദ പരാമർശം വിധിന്യായത്തിൽ നിന്ന് നീക്കണമെന്നും കോടതി പരാമർശങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്.
ഉത്തർ പ്രദേശ് കോടതിയിലെ കേസിൽ ഹർജി നൽകിയ ആൾ കക്ഷിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയത്തെ സെൻസേഷണലൈസ് ചെയ്യരുതെന്നും കോടതി ഹർജിക്കാരന് മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വിഎൻ ഭട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഒരു ബലാത്സംഗ കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ വിവാദ പരാമർശം. പ്രണയം നടിച്ച് ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്ത് മതം മാറ്റുന്നതാണ് ‘ലവ് ജിഹാദ്’ എന്ന് കോടതി പരാമർശിച്ചു എന്നായിരുന്നു മലയാളിയായ അനസ് എന്നയാൾ നൽകിയ ഹർജിയിൽ പറഞ്ഞത്.
2024 ഒക്ടോബറിൽ ഉത്തർപ്രദേശിലെ ബറേലിയിലെ ഫാസ്റ്റ് ട്രാക്ക് കോടതി ‘ലൗ ജിഹാദ്’ വിഷയത്തിൽ വിവാദ പരാമർശം നടത്തിയത്. ഒരു കോച്ചിംഗ് സെൻ്ററിൽ വച്ച് കണ്ടുമുട്ടിയ പ്രതി ആനന്ദ് കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയെന്നും അയാളെ വിവാഹം ചെയ്തു എന്നുമായിരുന്നു പരാതി. എന്നാൽ വിവാഹശേഷം അയാൾ ആലിം എന്ന് പേരുള്ള മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ആളാണെന്ന് മനസ്സിലായെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോടതി പ്രതിയെ ജീവപര്യന്ത്യം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ഈ വിധിന്യായത്തിലാണ് വിവാദമായ പരാമർശങ്ങൾ ഇടംപിടിച്ചത്.