കുടുംബത്തിന് മുന്നിൽ വെച്ച് കർഷകനെ അടിച്ച് കൊലപ്പെടുത്തി ബിജെപി നേതാവും സംഘവും; ശരീരത്തിലൂടെ ഥാർ ജീപ്പ് ഓടിച്ച് കയറ്റിയെന്ന് മകളുടെ മൊഴി
മധ്യപ്രദേശിൽ ഒരു കർഷക യുവാവിനെ ബിജെപി നേതാവും സംഘവും ചേർന്ന് അടിച്ചു കൊന്നു എന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു ഈ കൊടും ക്രൂരത അരങ്ങേറിയത്. 40കാരനായ രാംസ്വരൂപ് ധകഡ് ആണ് കൊല്ലപ്പെട്ടത്. ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റും ഗുണയിലെ കിസാൻ മോർച്ചാ മുൻ ഭാരവാഹിയുമായ മഹേന്ദ്ര നാഗറും സംഘവുമാണ് കൊല നടത്തിയത്.
രാംസ്വരൂപും ഭാര്യയും ഇവരുടെ വയലിലൂടെ നടക്കുമ്പോൾ മഹേന്ദ്രനാഗറും 14 പേരടങ്ങുന്ന സംഘവും ഇവരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞത്. സ്ത്രീകളും കുട്ടികളും ഒക്കെ ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്നു. വലിയ വടികളും ഇരുമ്പു കമ്പികളും കൊണ്ട് കർഷകനെ ക്രൂരമായി ആക്രമിച്ച ഇവർ, അയാളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്തു. ആക്രമണം കണ്ട് പിതാവിനെ രക്ഷിക്കാനെത്തിയ രാംസ്വരൂപിന്റെ പെൺമക്കൾക്കും മർദനമേറ്റു. ഗ്രാമവാസികളുടെ മുന്നിലിട്ട് ഇവരെയും പ്രതികൾ വലിച്ചിഴച്ച് മർദിച്ചു.
ആയുധധാരികളായ പ്രതികൾ ഇവരെ ഭയപ്പെടുത്താൻ ആകാശത്തേക്ക് വെടി വെച്ചതായും ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ‘ഞാനെന്റെ പിതാവിനെ രക്ഷിക്കാൻ പോയപ്പോൾ അയാളെന്നെ പിടിച്ച് നിലത്തേക്ക് തള്ളി, എന്റെ വസ്ത്രം വലിച്ചുകീറി, ഞങ്ങളെ പേടിപ്പിക്കാൻ വെടിയുതിർക്കുകയും ചെയ്തു’-എന്നാണ് രാംസ്വരൂപിന്റെ മകൾ പറഞ്ഞത്.
‘എന്റെ അച്ഛനും അമ്മയും പാടത്തേക്ക് പോയപ്പോൾ മഹേന്ദ്ര, ഹരീഷ്, ഗൗതം എന്നിവരുടെ സംഘം ആക്രമിക്കുകയായിരുന്നു. തുടർന്ന്, അച്ഛന്റെ ദേഹത്തുകൂടി ഒരു ഥാർ ജീപ്പ് ഓടിച്ചുകയറ്റുകയും ചെയ്തു. അയാൾ കൊലവിളി നടത്തി ആക്രോശിച്ചെങ്കിലും ഞങ്ങളെ രക്ഷിക്കാൻ ആരുമുണ്ടായില്ല’- എന്നും ആ പെൺകുട്ടി പറയുന്നു.
ഒരു മണിക്കൂറോളം, രാംസ്വരൂപ് ചോരയിൽ കുളിച്ച് പാടത്ത് തന്നെ കിടന്നു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് തടയാൻ വേണ്ടി, പ്രതിയും കൂട്ടരും തോക്ക് ചൂണ്ടി അവിടെ കാവൽ നിന്നതായും നാട്ടുകാർ പറയുന്നു. ഒടുവിൽ ഗുണ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
ഫത്തേഹ്ഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗണേശ്പുരയിൽ ബിജെപി നേതാവായ മഹേന്ദ്ര നാഗറിന്റെ ഭരണമാണെന്ന് നാട്ടുകാർ പറയുന്നു. ഇയാളുടെ പേര് കേട്ടാൽ ആളുകൾ പേടിക്കുമെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ആരും ഇയാൾക്കെതിരെ സംസാരിക്കാൻ ധൈര്യപ്പെടുന്നില്ല. വർഷങ്ങളായി ഇയാൾ പലരുടെയും ഭൂമികൾ കൈയടക്കി വരികയാണെന്ന് ഒരു ഗ്രാമീണൻ പറഞ്ഞു.
കുറഞ്ഞത് 25 കർഷകരെങ്കിലും തങ്ങളുടെ ഭൂമി തുച്ഛമായ വിലയ്ക്ക് വിറ്റ്, അവിടെ നിന്നും ഓടിപ്പോയിട്ടുണ്ട്. എതിർക്കുന്നവരെ തല്ലുകയോ ഗ്രാമത്തിൽ നിന്ന് പുറത്താക്കുകയോ ചെയ്യുകയാണ് മഹേന്ദ്രയുടെ രീതി. എന്നാൽ ഇതിന് രാംസ്വരൂപ് തയാറാവാതിരുന്നതാണ് ഈ കൊലയ്ക്ക് കാരണമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ, മഹേന്ദ്ര നാഗർ, ജിതേന്ദ്ര നാഗർ, ഇവരുടെ കുടുംബത്തിലെ മൂന്ന് സ്ത്രീകൾ എന്നിവരുൾപ്പെടെ 14 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർക്കെതിരെ കൊലപാതകം, ഗൂഢാലോചന, ആക്രമണം, സ്ത്രീകളെ അപമാനിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് ഫത്തേഹ്ഗഢ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാജസ്ഥാനിലെ പച്ഛൽവാഡ സ്വദേശി കനയ്യ നാഗർ എന്നയാളും രാംസ്വരൂപും തമ്മിൽ ഭൂമിതർക്കം ഉണ്ടായിരുന്നതായി പൊലീസ് ഓഫീസർ വിവേക് അസ്താന പറഞ്ഞു. ‘പച്ഛൽവാഡയിലെ ആറ് ബീഘ ഭൂമിയുമായി ബന്ധപ്പെട്ടാണ് തർക്കം നിലനിന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട ശത്രുത മൂലമാണ് കനയ്യ, മഹേന്ദ്ര, മറ്റ് 13-14 പേർ എന്നിവർ രാംസ്വരൂപിനെ ആക്രമിച്ചത് എന്നും പറയുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് ധർമേന്ദ്ര സിക്കർവാർ മഹേന്ദ്ര നാഗറിന് പാർട്ടിയുമായുള്ള ബന്ധം സ്ഥിരീകരിച്ചിട്ടുണ്ട്. മഹേന്ദ്രയെ ബിജെപിയിൽ നിന്ന് ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾക്ക് കത്തെഴുതിയിട്ടുണ്ടെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ധർമേന്ദ്ര സിക്കർവാർ പറഞ്ഞു.
ബാക്കിയുള്ള പ്രതികളെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് ബാമുരിയിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ വിവേക് അസ്താന പറഞ്ഞു. കേസെടുത്തതിനു പിന്നാലെ മഹേന്ദ്ര നാഗറിനെ പാര്‍ട്ടിയില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഗുണ ബിജെപി പ്രസിഡന്റ് ധര്‍മ്മേന്ദ്ര സിക്കര്വാര് പറഞ്ഞു.












