സ്വര്‍ണവും വെള്ളിയും മാത്രമല്ല, 17 ടണ്‍ തേനും; റിട്ട.എന്‍ജിനീയറുടെ വീട്ടില്‍ കോടികളുടെ സ്വത്ത്

മധ്യപ്രദേശില്‍ റിട്ടയേര്‍ഡ് പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് സ്വത്തുക്കള്‍ കണ്ടെത്തി. അഴിമതി വിരുദ്ധ ഓംബുഡ്സ്മാന് ലോകായുക്ത നടത്തിയ റെയ്ഡില്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ആയി വിരമിച്ച ജിപി മെഹ്റയുടെ വീട്ടില്‍ നിന്നാണ് സ്വത്തുക്കള്‍ കണ്ടെടുത്തത്.
36.04 ലക്ഷം രൂപയും 2.649 കിലോ സ്വര്‍ണം, 5.523 കിലോ വെള്ളി, സ്ഥിര നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, ഓഹരി രേഖകള്‍, സ്വത്തുക്കള്‍, നാല് ആഡംബര കാറുകള്‍ എന്നിവയടക്കം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം കൃത്യമായി കണക്കാക്കിയിട്ടിലെന്നും കോടികള്‍ വില വരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നര്‍മ്മദാപുരരത്തെ സൈനി ഗ്രാമത്തിലെ മെഹ്റയുടെ ഫാംഹൗസില്‍ നിന്ന് 17 ടണ്‍ തേന്‍, ആറ് ട്രാക്ടറുകൾ, മെഹ്റയുടെ കുടുംബത്തിന്റെ പേരിലുള്ള നിര്‍മ്മാണത്തിലിരിക്കുന്ന 32 കോട്ടേജുകള്‍, പൂര്‍ത്തിയായ ഏഴ് കോട്ടേജുകള്‍, മത്സ്യകൃഷി സൗകര്യങ്ങളുള്ള കുളം, ഫാം ഹൗസ്, ക്ഷേത്രം, ആഡംബര കാറുകളും കണ്ടെത്തി. മെഹ്റയുടെ ബിസിനസ് ഗോവിന്ദ്പുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കെ.ടി. ഇന്‍ഡസ്ട്രീസിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.