രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസ്: സുപ്രീം കോടതി വിമര്‍ശനം നേരിട്ട ജഡ്ജിക്ക് സ്ഥാനചലനം
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസ് പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്ജിക്ക് സ്ഥാനചലനം. സുപ്രീം കോടതി കൊജീളിയം നിശ്ചയിച്ച 23 ജഡ്ജിമാരുടെ ട്രാന്‍സ്ഫര്‍ പട്ടികയിലാണ് രഹുലിനെതിരെ വിധി പറഞ്ഞ ജസ്റ്റീസ് ഹേമന്ത് എം പ്രച്ഛക് ഉള്‍പ്പെട്ടിരിക്കുന്നത്.
‘മോദി’ പേര് വിവാദത്തില്‍ സൂറത്ത് വിചാരണ കോടതി വിധിച്ച രണ്ട് വര്‍ഷം തടവുശിക്ഷയ്ക്കെതിരെ രാഹുല്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ജസ്റ്റീസ് ഹേമന്ത് എം പ്രച്ഛക്, രാഹുലിനെതിരെ രുക്ഷമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് ശിക്ഷ ശരിവയ്ക്കുകയായിരുന്നു. 123 പേജുള്ള വിധിയാണ് കോടതി നടത്തിയത്. എന്നാല്‍ എന്തുകൊണ്ടാണ് ഒരു കുറ്റത്തിന് പരമാവധി ശിക്ഷ നല്‍കുന്നതെന്ന് വിധിന്യായത്തില്‍ പറഞ്ഞിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പിന്നീട് വിമര്‍ശനം ഉന്നയിച്ചത്.
‘നീതിന്യായ ഭരണനിര്‍വഹണം മെച്ചപ്പെടുത്താനാണ്’ നടപടിയെന്ന് സുപ്രീം കോടതി വെബ്സൈറ്റില്‍ പറയുന്നു. ജസ്റ്റീസ് ഹേമന്ത് എം പ്രച്ഛകിനെ പാറ്റ്ന ഹൈക്കോടതിയിലേക്കാണ് മാറ്റിയിരിക്കുന്നത്.
2002ലെ ഗുജറാത്ത് കലാപക്കേസില്‍ ബിജെപി മുന്‍ മന്ത്രി മായാ കോട്നാനിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷക സംഘത്തിലെ അംഗമായിരുന്നു മുന്‍പ് ജസ്റ്റീസ് ഹേമന്ത് എം പ്രച്ഛക്. ഗുജറാത്ത് ഹൈക്കോടതി അഭിഭാഷകനായി ജോലി തുടങ്ങിയ ജസ്റ്റീസ് ഹേമന്ത് എം പ്രച്ഛക്, പിന്നീട് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേ 2015ല്‍ അസിസ്റ്റന്റ പ്ലീഡറായി. പിന്നീട് ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ആയി.2019 വരെ ഈ പദവിയിലുണ്ടായിരുന്നു. 2021ലാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.
ജസ്റ്റീസ് ഹേമന്ത് എം പ്രച്ഛകിനു പുറമേ ജസ്റ്റീസുമാരായ സമീര്‍ ദേവ്, ഗീത ഗോപി എന്നിവരാണ് സ്ഥലംമാറ്റം നേരിട്ട മറ്റ് പ്രമുഖര്‍. 2022ലെ ഗോത്ര കലാപക്കേസുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ സൃഷ്ടിച്ചുവെന്ന് ടീസ്ത സെതല്‍വാദിനെതിരായ കേസ് റദ്ദാക്കണമെന്ന അവരുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ വിസമ്മതിച്ചയാളാണ് ജസ്റ്റീസ് സമീര്‍ ദേവ്. ശിക്ഷാവിധിക്കെതിരെ രാഹുല്‍ ഗാന്ധി നല്കിയ അപ്പീല്‍ പരിഗണിക്കാന്‍ വിസമ്മതിച്ചയാളാണ് ജസ്റ്റീസ് ഗീതാ ഗോപി.
ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, തന്റെ ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ‘മനുസ്മൃതി’യെ ഉദ്ധരിച്ച് പ്രതികരിച്ച ജസ്റ്റീസ് സമീര്‍ ദേവ് വിവാദത്തില്‍ പെട്ടിരുന്നു. മുന്‍കാലങ്ങളില്‍ പെണ്‍കുട്ടികള്‍ 14-15 വയസ്സാകുമ്ബോള്‍ വിവാഹിതരാകുമെന്നും 17 നു മുന്‍പ് പ്രസവിച്ചിരുന്നുവെന്നും ഇക്കാര്യം അമ്മയോടോ അമ്മൂമ്മയോടോ ചോദിച്ചാല്‍ അറിയാമെന്നും ജഡ്ജി ഹര്‍ജിക്കാരിയോട് പറഞ്ഞിരുന്നു. ഒരിക്കലെങ്കലും മനുസ്മൃതി വായിക്കാനും ഉപദേശിച്ചു. സ്ഥലംമാറ്റം നേരിടുന്ന ജഡ്ജിമാരില്‍ നാല് പേര് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ നിന്നും ഒരാള്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്നുമാണ്.