സനാതന ധർമ്മം വലിച്ച് കീറിയാണ് ഡോക്ടർ അംബേദ്കർ ഭരണഘടന ഉണ്ടാക്കിയത്; ഇപ്പോൾ തീവ്ര ഹിന്ദുത്വവാദി ഷൂ എറിഞ്ഞത് നമ്മുടെ രാജ്യത്തിന് നേരെയാണ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തിൽ തനിക്ക് ഒട്ടും കുറ്റബോധമില്ലെന്നാണ് അഭിഭാഷകൻ രാകേഷ് കിഷോർ പറയുന്നത്. ശരിയെന്ന് തോന്നിയത് ചെയ്തെന്നും ദൈവമാണ് പ്രേരണയെന്നും ഇയാൾ പറയുന്നു. ഇതിന്റെ പേരിൽ എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണെന്നും രാകേഷ് കിഷോർ പറഞ്ഞു. പ്രധാനമന്ത്രി മോഡി ചീഫ് ജസ്റ്റിസിന് അനുകൂലമായി സംസാരിച്ചതോടെയാണ് ഈ പ്രതികരണം ഉണ്ടായത്.
ഇന്നലെ രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ച് ചേർന്ന സമയത്താണ് കോടതി മുറിക്കുള്ളിൽ അനിഷ്ട സംഭവങ്ങൾ നടന്നത്. സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കാൻ ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാകേഷ് കിഷോർ ഷൂ എറിയാൻ ശ്രമിച്ചത്. കൃത്യസമയത്ത് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു. എന്നാൽ കോടതി നടപടികൾ തുടർന്ന ചീഫ് ജസ്റ്റിസ് ഇതൊന്നും തന്നെ ബാധിക്കില്ലെന്നും പ്രതികരിച്ചു.
ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ അത് ദൈവത്തോട് പോയി പറയൂ എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ചില ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതാണ് അതിക്രമത്തിന് കാരണം.
അതെസമയം അഭിഭാഷകന് എതിരെ കൂടൂതൽ നടപടികൾ ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചതോടെ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു. ഷൂവും കൈവശമുള്ള രേഖകളും തിരികെ നൽകി. എന്നാൽ അഭിഭാഷകനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു. കിഷോറിനെതിരെ കൗൺസിൽ അച്ചടക്ക നടപടികളും തുടങ്ങി.
കിഷോറിനെ ഷൂ എറിഞ്ഞതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ. ‘സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ ഒരിക്കലും സഹിക്കില്ല’ എന്ന് ഇയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു. ഇതേ വാചകങ്ങൾ എഴുതിയ ഒരു കുറിപ്പും ഇയാളുടെ കൈവശം ഉണ്ടായിരുന്നു.
ഖജുരാഹോയിലെ മഹാവിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ് ബി.ആര്.ഗവായ് നടത്തിയ പരാമര്‍ശമാണ് സനാതന ധർമ്മക്കാരനെ ദേഷ്യം പിടിപ്പിച്ചത്.
‘ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പറയൂ. നിങ്ങള്‍ മഹാവിഷ്ണുവിന്റെ ഉറച്ച ഭക്തനാണെന്ന് പറയുന്നുണ്ടല്ലോ. അതുകൊണ്ട് പോയി പ്രാര്‍ത്ഥിക്കൂ. അതൊരു പുരാവസ്തു സ്ഥലമാണ്, വിഗ്രഹം പുനഃസ്ഥാപിക്കുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിയൊക്കെ ആവശ്യമാണ്,’ ഇതായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്.
പരാമർശം പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ താൻ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘ഞാന്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. വിവാദം സാമൂഹിക മാധ്യമങ്ങളിൽ മാത്രമാണെന്നും ഗവായ് പറഞ്ഞു.
സവർണ്ണ മേധാവിത്തം കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരാളുടെ വികാര പ്രകടനമാണ് ഇന്നലെ കോടതിയിൽ കണ്ടത്. ഒരു തീവ്ര ഹിന്ദുത്വവാദിയാണ് ചീഫ് ജസ്റ്റിസിൻറെ നേർക്ക് ഷൂ വലിച്ചെറിഞ്ഞത്.
സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഹിന്ദുസ്ഥാൻ സഹിക്കില്ലെന്നാണ് അയാൾ പറയുന്നത്.
എന്നാൽ ഇയാൾ ഈ പറയുന്ന സനാതന ധർമ്മത്തെ വലിച്ച് കീറി എറിഞ്ഞിട്ടാണ് ഡോ ഭീം റാവു അംബേദ്കർ ഇന്ത്യൻ ഭരണ ഘടന സൃഷ്ടിച്ചത്. അന്ന് ചുരുട്ടിക്കൂട്ടി മൂലയിൽ എറിഞ്ഞ സനാതന ധർമ്മത്തെ വീണ്ടും ഉയർത്തി കൊണ്ട് വരാനാണ് തീവ്ര ഹിന്ദുവാദികൾ ഇപ്പോൾ ശ്രമിക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തിലെ ദലിത് വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റിസ് ആണ് ഗവായ്. ബുദ്ധിസ്റ്റ് കൂടിയായ ആദ്യത്തെ ചീഫ് ജസ്റ്റിസ്. അദ്ദേഹത്തിന് നേർക്കാണ് ആ സനാതനി ഷൂ എറിഞ്ഞത്. എട്ടടി നീളമുള്ള ഒരു പ്രതിമയുടെ പേരിൽ മാത്രമല്ല ഈ ഷൂ എറിയൽ.
ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥിന്റെ ബുൾഡോസർ രാജ് തടഞ്ഞു കൊണ്ട് വിധി പുറപ്പെടുവിച്ച ആളാണ് ഗവായ്. ഹിന്ദുത്വ വാദി കിഷോർ ആ ഷൂ വലിച്ചെറിഞ്ഞത് ചീഫ് ജസ്റ്റിസ് ഗവായുടെ നേർക്കല്ല. അത് നമ്മുടെ രാജ്യത്തിന് നേരെയാണ്, അല്ലെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ നേരെയാണ് എറിയുന്നത്.
പക്ഷെ സനാതനിക്ക് എതിരെ നടപടി എടുക്കാൻ സംഘ പരിവാർ നയിക്കുന്ന ഭരണകൂടത്തിന് കഴിയുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം.