‘താല്പര്യമില്ലെങ്കില് കാണാതിരുന്നാല്‍ മതി’; വാര്‍ത്താചാനലുകളെ നിയന്ത്രിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
വാര്‍ത്താ ചാനലുകളെയും പരിപാടികളുടെ ഉള്ളടക്കത്തെയും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹരജി സുപ്രീംകോടതി തള്ളി. പ്രേക്ഷകര്‍ക്ക് ചാനല്‍ പരിപാടികള്‍ കാണാനോ കാണാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസ് അഭയ് ഓഖ പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ ഹൈക്കോടതികളിലേക്ക് പോകാതെ നേരിട്ട് സുപ്രീംകോടതിയില്‍ ഹർജി നല്‍കിയതിൽ ബെഞ്ച് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
‘നിങ്ങള്‍ക്ക് വാര്‍ത്താ ചാനലുകള്‍ ഇഷ്ടമല്ലെങ്കില്‍ അത് കാണാതിരിക്കാമല്ലോ. ടി.വി കാണാതിരിക്കാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കുണ്ട്’ -കോടതി വ്യക്തമാക്കി. ഇലക്ട്രോണിക് മാധ്യമങ്ങളെയും ബ്രോഡ്കാസ്റ്റേഴ്സിനെയും നിയന്ത്രിക്കാൻ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും ഹർജിയില്‍ ആവശ്യമുണ്ടായിരുന്നു.
മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ വ്യാജവാര്‍ത്തകള്‍, മോശം പത്രപ്രവര്‍ത്തനം, വിദ്വേഷ പ്രസംഗങ്ങള്‍ എന്നിവ പ്രചരിക്കുന്നുണ്ടെന്നും സാമുദായിക സ്പര്‍ദ്ധക്ക് കാരണമാകുന്നുണ്ടെന്നും ഹർജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നത് കാഴ്ചപ്പാടിന്റെ വിഷയമാണെന്ന് കോടതി പറഞ്ഞു. ചാനലുകളെ നിയന്ത്രിക്കണമെന്ന ആവശ്യം എങ്ങനെയാണ് അംഗീകരിക്കുകയെന്നും ചോദിച്ച കോടതി ഹർജി തള്ളുകയായിരുന്നു.