ഹിമാചല്‍ പ്രദേശിലെ മഴക്കെടുതി; മരണം 51 കവിഞ്ഞു

ഹിമാചല്‍ പ്രദേശിലെ മഴക്കെടുതിയില്‍ മരണം 51 കവിഞ്ഞു. മിന്നല്‍ പ്രളയത്തിലും ഉരുള്പൊട്ടലിലുമായാണ് 51 പേര് മരിച്ചത്. ഷിംലയിലെ മണ്ണിടിച്ചിലില്‍ 14 പേര്‍ക്കാണ്ജീവൻ നഷ്ടപെട്ടത്. പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു അറിയിച്ചു.
സമ്മര്‍ഹില്‍സിലെ ശിവക്ഷേത്രം തകര്‍ന്ന് ഏഴുപേര്‍ കൊല്ലപ്പെട്ടു. തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. ഹിമാചലില്‍ 752 റോഡുകള്‍ അടച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച 4 പേര് മരിച്ചു. ഇതുവരെ 9 പേരെ കാണാതായിട്ടുണ്ട്. കനത്ത മഴ കണക്കിലെടുത്ത് ചാര്‍ധാം യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തി വച്ചിട്ടുണ്ട്.
ഹിമാചലിലെ സോളൻ ജില്ലയില്‍ മേഘവിസ്ഫോടനം സംഭവിച്ചതിന് പിന്നാലെയാണ് ഹിമാചലിലെ ദുരിതത്തിലാക്കിയ പ്രളയമുണ്ടായത്. പ്രളയത്തില്‍ നിരവധി കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും വീടുകളും ഒലിച്ചുപോയി. സോളനില്‍ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് രണ്ട് വീടുകള്‍ ഒഴുകിപ്പോയിരുന്നു. ഇപ്പോഴും വിവിധ ഇടങ്ങളിലായി നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്.