ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന് പത്രിക സമര്‍പ്പിച്ചു

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും, എന്‍ഡിഎ നേതാക്കള്‍ക്കും ഒപ്പമാണ് രാജ്യസഭ സെക്രട്ടറി ജനറലിന് മുന്‍പാകെ സി പി രാധാകൃഷ്ണന് പത്രിക നൽകാൻ എത്തിയത്.
ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥി സി സുദര്ശന് റെഡ്ഡി നാളെ പത്രിക നല്‍കും. തിങ്കളാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. അടുത്ത മാസം ഒന്‍പതിനാണ് തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും. എന്‍ഡിഎയുടെ നിലവിലെ അംഗബലത്തില്‍ സി പി രാധാകൃഷ്ണന് ഉപരാഷ്ട്രപതിയാകും.
മുൻ ഉപ രാഷ്ട്രപതി ജഗ്ദീപി ധൻകർ രാജിവെച്ചതോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് സിപി രാധാകൃഷ്ണനെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്. തെക്കേന്ത്യയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ്. ജാർഖണ്ഡ്, തെലങ്കാന ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്.