വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാൻ ആധാര്‍ നിര്‍ബന്ധമില്ല
വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാൻ ആധാര്‍ നമ്പർ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോള്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വ്യക്തത വരുത്തുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് ജി. നിരഞ്ജൻ സമര്‍പ്പിച്ച പൊതുതാല്പര്യ ഹർജിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
പുതിയ വോട്ടര്‍മാരുടെ വിവരങ്ങള്‍ ആധികാരികമാക്കാൻ ആധാര്‍ വിശദാംശങ്ങള്‍ ആവശ്യമായിവരുന്നത് എന്തുകൊണ്ടാണെന്ന് ഹർജിക്കാരൻ ചോദിച്ചു. വോട്ടര്‍മാര്‍ ആധാര്‍ നമ്പർ നല്‍കുന്നതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ (ഭേദഗതി) ചട്ടം 26 ബിയില്‍ വ്യക്തത വരുത്തണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ചട്ടം 26 ബി പ്രകാരം ആധാര്‍ നമ്ബറിന്റെ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഉടൻ വ്യക്തത വരുത്തും. റൂള്‍ 26 ബി പ്രകാരം വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ നേരത്തെ ആധാര്‍ വേണമായിരുന്നു. എന്നാല്‍, 2022ലെ ഭേദഗതിയനുസരിച്ച് ആധാര്‍ നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന് പറഞ്ഞു. അതേസമയം, പേരുചേര്‍ക്കാനായി 66.23 കോടി ആധാര്‍ നമ്പറുകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും വോട്ടര്‍ പട്ടിക അന്തിമമാക്കുന്ന പ്രക്രിയയിലാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.