സ്വർണ്ണം കട്ട ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നു; ആടിയ നെയ്യ് കട്ട സുനിൽകുമാർ പോറ്റി അകത്തേക്ക്; കളവിൻറെ കേന്ദ്രമായി ശബരിമല
ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി സുനിൽകുമാർ പോറ്റിയാണ് അറസ്റ്റിലായത്. വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 ആം പ്രതിയാണ് സുനിൽകുമാർ പോറ്റി. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആകെ 33 പേരാണ് കേസിലുള്ളത്.
ആടിയ ശിഷ്ടം നെയ്യ് വിതരണത്തിന്റെ ചുമതലക്കാരൻ ആയിരുന്നു സുനിൽകുമാർ പോറ്റി. പത്തനംതിട്ട വിജിലൻസ് ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
ആടിയ ശിഷ്ടം നെയ്യ് കൗണ്ടറിൻ്റെ ചുമതലയാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. എമ്പതിനായിരത്തിലധികം പാക്കറ്റ് നെയ്യുകൾ വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നെയ്ക്കൊള്ളയിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയിൽ 25 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. പത്തോ നൂറോ പാക്കറ്റ് അല്ലാ, എമ്പതിനായിരത്തിൽ കൂടുതൽ പാക്കറ്റാണ് അടിച്ച് മാറ്റിയിരിക്കുന്നത്. ഇപ്പോൾ പതിമൂവായിരം പാക്കറ്റുകൾ വിറ്റ പണം അടച്ചിട്ടില്ല എന്നാണ് കൃത്ത്യമായ കണക്കുകൾ പറയുന്നത്. കൂടുതൽ അന്വേഷണത്തിൽ എമ്പതിനായിരം പാക്കറ്റുകൾ എവിടെ എന്ന കാര്യം അറിയാൻ കഴിയും. ഇപ്പോൾ ആർക്കും എന്തും മോഷ്ടിക്കാവുന്ന ഒരിടമായി ശബരിമല മാറിയിരിക്കുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നെയ്യ് വിൽപ്പനയിലെ പണം ബോർഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ശബരിമല പോലെയുള്ള തീർത്ഥാടന കേന്ദ്രത്തിലെ ക്രമക്കേടുകൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ റിപ്പോർട്ട് നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
ശബരിമലയിൽ എത്തുന്ന ഭക്തരിൽ കുറേപേര്‍ക്ക് നെയ്യഭിഷേകം വഴിപാട് നടത്താൻ അവസരം കിട്ടാറില്ല. അങ്ങനെയുള്ള തീർത്ഥാടകരാണ് ഈ പറയുന്ന അഭിഷേകം കഴിഞ്ഞ, ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറിൽ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വിൽപന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങിയാണ് ഈ നെയ്യ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതിനെ തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കുറ്റപത്രം വൈകാന്‍ താമസിച്ചതിനാല്‍ പോറ്റിക്ക് സ്വഭാവിക ജാമ്യം ലഭിച്ചേക്കാം. കട്ടിളപ്പാളി കേസില്‍ 90 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പോറ്റി സ്വഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്. നേരത്തെ ദ്വാരപാലകപാളി കേസിലും ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കട്ടിളപാളി കേസിലും ജാമ്യം ലഭിച്ചാല്‍ പോറ്റി പുറത്തിറങ്ങും.
നേരത്തെ മുരാരി ബാബു, ശ്രീകുമാര്‍, സുധീഷ് എന്നിവരും പുറത്തിറങ്ങിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതാണ് പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം ലഭിക്കാന്‍ കാരണമായത്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പോറ്റിയാണ് ഒന്നാം പ്രതി. 2025 ഒക്ടോബര്‍ 17 നാണ് ഇയാള്‍ അറസ്റ്റിലായത്. 90 ദിവസം പിന്നിട്ടതോടെ ജനുവരി 21 ന് ഇയാള്‍ക്ക് ദ്വാരപാലക കേസില്‍ ജാമ്യം ലഭിച്ചു. എന്നാല്‍ കട്ടിളപ്പാളി കേസ് മൂലം ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.
ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യം ലഭിച്ച് ഇന്ന് ഇറങ്ങുമ്പോൾ, മറ്റൊരു പോറ്റി അകത്തേക്ക് പോകുകയാണ്. തന്ത്രി ജയിലിലും ഹിസ്പിറ്റലിലും ആയി മാറി മാറി കഴിയുന്നു. ഇതുപോലെ പവിത്രമായ ഒരു സ്ഥലത്ത് എന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിച്ചാൽ ഭക്തന്മാർക്ക് ലജ്ജ തോന്നേണ്ടതാണ്. സകല ചരാചരങ്ങളേയും കാത്ത് സൂക്ഷിക്കുന്ന അയ്യപ്പന് സ്വന്തം സ്വർണ്ണം മോഷണം പോകുന്നത് തടയാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഖത്തിലാണ് ഭക്തർ. സ്വർണ്ണം മാത്രമല്ല ഇപ്പോൾ ആദ്യ നെയ്യിൽ വരെ ലക്ഷങ്ങളുടെ മോഷണം നടക്കുന്നു. ഇതൊന്നും പുറത്ത് നിന്ന് വന്ന്, ക്ഷേത്രം കുത്തി തുറന്ന് മോഷ്ടിക്കുന്നതല്ല. അവിടുന്നും മാസം നല്ല രീതിയിൽ ശമ്പളം മേടിച്ച ആളുകളാണ് ഈ കൊള്ള നടത്തുന്നത്.
നെയ്യ് മാത്രമല്ല, അപ്പം, അരവണ, തേങ്ങാ എല്ലാത്തിലും ഇവർ കൈ വെച്ചിട്ടുണ്ടാകും. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥയിൽ, എവിടെ നോക്കിയാലും കാശുണ്ടാക്കാനുള്ള മാർഗ്ഗങ്ങളാണ് ശബരിമലയിൽ. എന്തായാലും അയ്യപ്പൻറെ വിഗ്രഹം ഈ കള്ളന്മാർ അടിച്ച് മാറ്റില്ല. കാരണം അതില്ലെങ്കിൽ അവിടേക്ക് ഭക്തർ എത്തില്ല. അവരുടെ കാശും എത്തില്ല. ശബരിമല്ല ചുറ്റിപ്പറ്റി നിൽക്കുന്നവർക്ക് ഒരൊറ്റ ചിന്ത മാത്രമേയുള്ളൂ. ഭക്തിയുടെ പേരിൽ നടയിൽ കുമിഞ്ഞ് കൂടുന്ന പണം അടിച്ച് മാറ്റുക. അതാണ് പോറ്റിയും തന്ത്രിയും അടക്കമുള്ള സകലരും ചെയ്യുന്നത്.










