മഹാരാഷ്ട്ര മന്ത്രിയുടെ തലയില്‍ മഞ്ഞള്‍പൊടി വിതറി പ്രതിഷേധം
മഹാരാഷ്ട്ര റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ തലയില്‍ മഞ്ഞള്‍പൊടി വിതറി പ്രതിഷേധം. ധാങ്കര്‍ സമുദായത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സോലാപൂര്‍ ജില്ലയിലെ റെസ്റ്റ് ഹൗസില്‍ സമുദായാംഗങ്ങള്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. മന്ത്രിയുടെ അടുത്തെത്തി സമുദായ നേതാക്കള്‍ നിവേദനം നല്കി. നിവേദനം മന്ത്രി വായിക്കുമ്പോൾ ഒരാള്‍ കീശയില്‍നിന്നും പേപ്പറില്‍ പൊതിഞ്ഞ മഞ്ഞള്‍പൊടി എടുത്ത് മന്ത്രിയുടെ തലയിലൂടെ വിതറുകയായിരുന്നു.
ഉടൻ തന്നെ മന്ത്രിയുടെ സുരക്ഷ ജീവനക്കാരും ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരും ഇയാളെ പിടിച്ചുമാറ്റി മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശേഖര്‍ ബംഗലെ എന്നയാളാണ് പ്രതിഷേധിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തന്റെ സമുദായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് സര്‍ക്കാറിന്റെ ശ്രദ്ധ തിരിക്കാനാണ് ഇത് ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിക്കോ മറ്റു മന്ത്രിമാര്‍ക്കോ എതിരെ കരിഓയില്‍ പ്രയോഗം നടത്തുമെന്നും ഇയാള്‍ പറഞ്ഞു. പ്രതിഷേധിച്ചയാള്‍ക്കെതിരെ നടപടിക്ക് നിര്‍ദേശിച്ചിട്ടില്ലെന്ന് മന്ത്രി പിന്നീട് അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദിച്ചത് താൻ ആവശ്യപ്പെട്ടിട്ടല്ലെന്നും പെട്ടന്ന് സംഭവം കണ്ടപ്പോള്‍ അവര്‍ പ്രതികരിച്ചുപോയതാണെന്നും മന്ത്രി വ്യക്തമാക്കി.