“ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം കാലം സനാതന ധർമ്മത്തെ ആർക്കും വെല്ലുവിളിക്കാനാവില്ല”: സ്മൃതി ഇറാനി
സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം കാലം സനാതന ധർമ്മത്തെയും വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സനാതന ധർമ്മത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണമെന്നും സ്മൃതി ഇറാനി പറഞ്ഞു.
ദ്വാരകയിൽ നടന്ന ജന്മാഷ്ടമി ആഘോഷത്തിൽ സംസാരിക്കവെയാണ് ഉദയനിധി സ്റ്റാലിനും അദ്ദേഹത്തിന്റെ സനാതന ധർമ്മ പരാമർശത്തെ പിന്തുണച്ചവർക്കും എതിരെ സ്മൃതി ഇറാനി രൂക്ഷമായ വിമർശനം ഉന്നയിച്ചത്. ‘സനാതന ധർമ്മത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണം. ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം ധർമ്മത്തെയും നമ്മുടെ വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ല’ – സ്മൃതി ഇറാനി പറഞ്ഞു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ എന്നിവരും വിഷയത്തിൽ പ്രതികരിച്ചിരുന്നു.