പെയ്തൊഴിയാതെ പേമാരി; വടക്കന്‍ ജില്ലകളില്‍ കനത്ത മഴ; 4 മരണം
സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ 4 മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് രണ്ടു പേരും വയനാടും കാസര്‍കോടും ഒരോ ആളും മരിച്ചു. കോഴിക്കോട് പായല്‍ നിറഞ്ഞ കുളത്തില്‍ വീണ് എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ് (40) മരിച്ചു. ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് അമ്മോത്ത് വീട്ടില്‍ മുഹമ്മദ് മിര്‍ഷാദും(12) കുളത്തില്‍ വീണാണ് മരിച്ചത്. വയനാട്ടില്‍ വീടിന്റെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മണ്‍തിട്ട തകര്‍ന്ന് കോളിയാടി നായ്ക്കപ്പടി കോളനിയിലെ ബാബു മരിച്ചു.
കാസര്‍കോട് ജില്ലയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് മറിഞ്ഞു വീണ് വിദ്യാര്‍ത്ഥി മരിച്ചു. കന്നഡ ഓണ്‍ലൈന്‍ മാധ്യമമായ ‘ഡൈജിവേള്‍ഡ്’ റിപ്പോര്‍ട്ടര്‍ ചേവാര്‍ കൊന്തളക്കാട്ടെ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകന് ഷോണ്‍ ആറോണ്‍ ക്രാസ്റ്റ(13)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുപറമ്പിലാണ് സംഭവം നടന്നത്.
വടക്കന്‍ ജില്ലകളിലെ പല പ്രദേശങ്ങളിലും ശക്തമായ മഴയിലും, ചുഴലിക്കാറ്റിലും നിരവധി മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെടുകയും വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
വരും മണിക്കൂറുകളില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലയിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.
Content Highlights – Heavy rains in northern districts Of Kerala, 4 death Reported