മെസ്സി വരും, വരില്ല എന്ന് പറയാൻ വേണ്ടി മാത്രം ഒരു മന്ത്രി: കേരളത്തിൽ നിന്നും ഒരു പ്രതിഭയെ കണ്ടെത്തി മെസ്സിയെപ്പോലെ ആക്കും എന്ന് പറയാനുള്ള ചങ്കുറപ്പ് ഉണ്ടോ??
അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന് ഇന്നലെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്നും അതിന്റെ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പിന്നെ കഴിഞ്ഞുപോയ കാര്യങ്ങളെല്ലാം മന്ത്രി വീണ്ടും പറഞ്ഞു. നവംബര്‍ മാസത്തില്‍ അര്‍ജന്റീന ടീമിനെ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടത്. കൊച്ചിയിലെ സ്റ്റേഡിയത്തില്‍ കളി നടത്താനായിരുന്നു തീരുമനം. എന്നാല്‍ സ്റ്റേഡിയത്തിലെ ചില അസൗകര്യങ്ങള്‍ തടസ്സമായി. ഇപ്പോ അത് എല്ലാം പൂര്‍ത്തിയായെങ്കിലും സ്റ്റേഡിയത്തിനുള്ള അംഗീകാരം ലഭ്യമാകത്തതുകൊണ്ടാണ് കളി നവംബറില്‍ നടക്കാതെ പോയത്.
അങ്ങനെ പഴയ വിശാദീകരണം വീണ്ടും മന്ത്രി ആവർത്തിച്ചു.
മെസിയുടെ വരവ് രാഷ്ട്രീയമായി തര്‍ക്കത്തിനുള്ള വേദിയായിയല്ല സര്‍ക്കാര്‍ കണ്ടെതെന്നും കേരളത്തില്‍ പുതിയ കാലത്തിനനുസരിച്ച് കായിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കായിക മന്ത്രിയോട് ചോദിക്കാനുള്ള ഒരു കാര്യം എന്തെന്നാൽ, കേരളത്തിലെ കായിക രംഗത്തെ മെച്ചപ്പെടുത്താൻ മെസ്സിയെ കൊണ്ട് വരിക എന്നതാണെന്നോ ഏക മാർഗ്ഗം ആയി ഈ സർക്കാർ കണ്ടിരിക്കുന്നത് എന്നാണ്.
അതേപോലെ ഡിസംബറിൽ ഹൈദരാബാദ് ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ മെസ്സിയും അർജന്റീന ടീമും പര്യടനം നടത്തുന്നുണ്ട്. അർജന്റീന ടീം ഇപ്പോൾ അയച്ചതെന്ന് മന്ത്രി പറയുന്ന മെയിലിൽ എന്തെല്ലാമാണ് പറഞ്ഞിരിക്കുന്നതെന്നും വ്യക്തമല്ല.
ഹൈദരാബാദിൽ വരുന്ന മെസി കൊച്ചിയിൽ വരാത്തത് അവിടെ നല്ല ഗ്രൗണ്ട് ഇല്ലാത്തത് കൊണ്ട് തന്നെയാണ് . കേരളത്തിലെ ഫുട്ബോൾ കാണുന്ന എല്ലാവര്ക്കും അറിയാവുന്ന ഈ കാര്യം കായികമന്ത്രിക്കും സ്പോൺസർ സാറിനും മാത്രമാണ് അറിയാത്തത്.
സകല അനൗണ്‍സ്മെന്റും കഴിഞ്ഞ്, മത്സരത്തിന്റെ തീയതി ഒക്കെ തീരുമാനിച്ച ശേഷം സ്റ്റേഡിയം പണിയുന്ന അപൂർവ്വ കാഴ്ചയും കൊച്ചിയിൽ കണ്ടിരുന്നു.
ഇപ്പോൾ പറയുന്നത് ‘അടുത്ത 15 ദിവസത്തോടെ നമ്മുടെ സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കുമെന്നാണ്. നല്ല രീതിയിൽ അധ്വാനിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടത് എന്നും മന്ത്രി പറയുന്നു. ഫിഫയുടെ അപ്രൂവൽ വേണമെന്നൊക്കെ അറിയാത്തവരാണ് കായിക മന്ത്രിയും സ്പോൺസറും എന്നത് ഒരു സത്യമാണ്.
ഒരു സംസ്ഥാനത്തിന്റെ കായിക മന്ത്രിക്ക് സ്പോർട്സിന്റെ എ ടു ഇസഡ് കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് ആരും നിർബന്ധം പിടിക്കില്ല. പക്ഷെ മെസിയെപ്പോലുള്ള താരവും, ലോകകപ്പ് ജേതാക്കളും കളിയ്ക്കാൻ വരുന്ന ഗ്രൗണ്ടിനെ കുറിച്ച് ബോധവാനായിരിക്കണം.
ഒരു കായിക മന്ത്രിയുടെ പ്രധാന ചുമതല എന്ന് പറയുന്നത് കേരളത്തിൽ മെസ്സിയെ കൊണ്ടുവരുന്നതല്ല എന്ന കാര്യം ആദ്യം മനസിലാക്കണം. നമ്മുടെ നാട്ടിൽ കായിക പ്രതിഭകളെ കണ്ടെത്തുക, നിലവിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക. സ്കൂൾ തലംമുതൽ കുട്ടികളെ നിരീക്ഷിക്കാൻ ഒരു കായിക സമിതി ഉണ്ടാക്കുക ഇതൊക്കെയാണ് പ്രധാനപ്പെട്ട കാര്യങ്ങൾ.
അല്ലാതെ പുറത്തേക്ക് ഇറങ്ങുമ്പോളെല്ലാം മെസ്സി ഇന്ന് വരും, നാളെ വരും, അല്ലെങ്കിൽ മറ്റന്നാൾ വരും എന്ന് വിളിച്ച് പറയുകയല്ല വേണ്ടത്. ഇങ്ങനെ വിളിച്ച് പറയുന്ന ഒരു പരിപാടി മാത്രമാണ് അടുത്ത കാലത്തായി നമ്മുടെ ഈ മന്ത്രി ചെയ്തിട്ടുള്ളത്.
വരും, കൊണ്ടുവരും എന്നൊക്കെ പറയുന്ന സമയത്ത്, മെസ്സിയെ പോലെയുള്ള ഒരു കളിക്കാരനെ നമ്മൾ കേരളത്തിൽ നിന്ന് വളർത്തിയെടുക്കും എന്ന് പറഞ്ഞിരുന്നെങ്കിൽ അത് കായികരംഗത്തിന് ഒരു പുത്തൻ ഉണർവ്വ് കിട്ടുമായിരുന്നു.
അതിനായി സർക്കാരും സ്പോണ്‍സര്‍മാരും ഒക്കെ പണം മുടക്കണം. അല്ലാതെ കോടികൾ പ്രതിഫലമായി കൊടുത്ത് മെസ്സിയെയും അവരുടെ ടീമിനെയും കൊണ്ട് വന്നു ഇവിടെ ഒന്നര മണിക്കൂർ പന്ത് തട്ടുന്നതിൽ ഒരു പ്രയോജനവുമില്ല. പ്രയോജനം ഉണ്ട്, എന്നാൽ അത് കായിക കേരളത്തിനല്ല. പരസ്യങ്ങളും ഷോയും നടത്തി മെസിയുടെ ഫോട്ടോഷൂട്ട് വരെ കാശാക്കി മാറ്റാൻ പ്ലാൻ ഇട്ടവർക്കാണ് അതുകൊണ്ട് പ്രയോജനം.
ഇന്നലെ വൈകീട്ട് ഇതേ മന്ത്രി തന്നെ ഐ. എം. വിജയൻ അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് ഉത്ഘാടനം നടത്തിയിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഈ സ്പോർട്സ് കോംപ്ലക്സ് ഏഴു വർഷം കൊണ്ടാണ് പൂർത്തികരിച്ചത്. ലോക ഫുട്ബോളിലെ മിന്നുന്ന ഒരു താരമായി മാറേണ്ടിയിരുന്ന ആളാണ് ഐ എം വിജയൻ. അത്രക്ക് പ്രതിഭയുള്ള താരമാണ്. ഫുട്ബോൾ രംഗത്തെ പലരും പറഞ്ഞിരുന്ന ഒരു കാര്യമാണ് വേറെ ഏതെങ്കിലും രാജ്യത്താണ് വിജയൻ ജനിച്ചിരുന്നതെങ്കിൽ അയാളൊരു ലോക ചാമ്പ്യൻ ആയേനെ എന്ന കാര്യം. ഇവിടെയുള്ള പ്രതിഭകളെ കണ്ടെത്തുക, ഏറ്റെടുക്കുക, അവരെ ഉയർത്തിക്കൊണ്ടു വരിക എന്നതാണ് ഒരു കായിക മന്ത്രി ചെയ്യേണ്ടത്. സ്പോൺസർ സാർ പറഞ്ഞത് പോലെ അത് മനസ്സിലാക്കിയാൽ മന്ത്രിക്ക് കൊള്ളാം, മന്ത്രി എന്തെങ്കിലും ചെയ്താൽ നമുക്കും കൊള്ളാം.












