‘അബിൻ വർക്കി സഭയുടെ പുത്രൻ, ഒരു നെഗറ്റീവും പറയാനില്ല’- ഓർത്തഡോക്സ് സഭ

യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ അബിൻ വർക്കിയെ ഒഴിവാക്കിയതിൽ അതൃപ്തിയുമായി ഓർത്തഡോക്സ് സഭ. അബിൻ വർക്കി സഭയുടെ പുത്രനാണെന്നും, കേരള രാഷ്ട്രീയത്തിൽ അത്യാവശ്യം വേണ്ട ഇടപെടലുകൾ നടത്തുന്ന ആളായാണ് കണ്ടിട്ടുള്ളതെന്നും കോട്ടയം ഭദ്രാസനാധിപൻ യൂഹനോൻ മാർ ദീയസ് കോറോസ് പ്രതികരിച്ചു. ചാണ്ടി ഉമ്മനോടും പാർട്ടി അനീതി കാണിച്ചതായി അദ്ദേഹം വിമർശിച്ചു. പ്രശ്നം ഉടൻ പരിഹരിക്കണമെന്നും കോട്ടയം ഭദ്രാസനാധിപൻ വ്യക്തമാക്കി.
‘സാധാരണ രാഷ്ട്രീയ വിഷയങ്ങളിൽ സഭ അങ്ങനെ പൊതുവായി നിലപാട് എടുക്കാറില്ല. അബിൻ വർക്കി ഞങ്ങളെ സംബന്ധിച്ചു സഭയുടെ ഒരു പുത്രനെന്നതിനപ്പുറമായി പുള്ളി കേരള രാഷ്ട്രീയത്തിൽ അത്യാവശ്യം വേണ്ട ഇടപെടലുകൾ നേതൃത്വത്തിന്റെ പിന്തുണയോടു കൂടി നടത്തിപ്പോകുന്ന ഒരാളായിട്ടാണ് ഞങ്ങൾ കണ്ടിട്ടുള്ളത്. എന്തെങ്കിലും അദ്ദേഹത്തെ കുറിച്ച് നെഗറ്റീവായ കാര്യങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടില്ല.’
‘സമുദായ സന്തുലിതാവസ്ഥ നിലനിർത്താനാണ് അബിൻ വർക്കിയെ മാറ്റിയത് എന്നാണ് ആദ്യമൊക്കെ ഞങ്ങൾ വാർത്തകൾ കണ്ടത്. ഒരു സമുദായത്തിൽ അംഗമായിപ്പോയി എന്നതു കൊണ്ടു തന്നെ അബിൻ വർക്കിയുടെ കഴിവിനെ നഷ്ടപ്പെടുത്താൻ നമുക്ക് ഒക്കില്ലല്ലോ. ഞങ്ങളെപ്പോലുള്ളവർ നോക്കുമ്പോൾ അതിൽ എന്തോ ഒരു സുഖമില്ലായ്മ കാണുന്നുണ്ട്. ആ സുഖമില്ലായ്മ ബന്ധപ്പെട്ടവർ തിരുത്തുന്നതാണ് നല്ലത്.’
‘ചാണ്ടി ഉമ്മനും പ്രതികരിക്കുന്നതു കണ്ടു. പരസ്യമായി പ്രതികരിക്കുന്നത് കണ്ടു. പിതാവിന്റെ ഓർമയുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനോടും അനീതി കാണിച്ചു. അതു കേട്ടിട്ടു ശരിയാണോ തെറ്റാണോ എന്നത് രാഷ്ട്രീയ പാർട്ടികളാണ് വിലയിരുത്തേണ്ടത്. ചാണ്ടിയായാലും അബിനായാലും മറ്റാരായാലും മറ്റൊരാൾക്ക് വേദനയുണ്ടാകാത്ത രീതിയിൽ അതു പരിഹരിക്കാൻ നേതൃത്വത്തിലുള്ളവർ ശ്രദ്ധിക്കുക എന്നതാണ്’- അദ്ദേഹം നിലപാട് വ്യക്തമാക്കി.