കോണ്‍ഗ്രസ് നേതാക്കളായ തമ്ബാനൂര്‍ സതീഷും പത്മിനി തോമസും ബിജെപിയില്‍
തമ്ബാനൂർ സതീഷും പത്മിനി തോമസും അടക്കമുള്ളവർ ബിജെപിയില്‍ ചേർന്നു. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്.
തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും പാർട്ടി സംസ്ഥാന അധ്യക്ഷനും ഉള്‍പ്പെടെയുള്ളവർ ചടങ്ങില്‍ പങ്കെടുത്തു. ഡിസിസി മുൻ ജനറല്‍ സെക്രട്ടറിയായ സതീഷ് പുനഃസംഘടനയില്‍ പ്രതിഷേധിച്ച് അടുത്തിടെ പാർട്ടി വിട്ടിരുന്നു.
പത്മിനി തോമസിനെ ഷാള്‍ അണിയിച്ചത് കെ. സുരേന്ദ്രനാണ്. പത്മിനിക്കൊപ്പം പത്മിനിയുടെ രണ്ട് മക്കളും ബിജെപിയില്‍ ചേർന്നു. ഡിസിസി മുൻ ജനറല്‍ സെക്രട്ടറി സതീഷിനൊപ്പം ഉദയകുമാറും പൂന്തുറ മുൻ വാർഡ് കൗണ്‍സിലർ പീറ്റർ സോളമനും ബിജെപിയില്‍ ചേർന്നു.
കോണ്‍ഗ്രസില്‍ വേണ്ട പരിഗണന ലഭിച്ചില്ലെന്നും അതൃപ്തി ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നുവെന്നും പത്മിനി തോമസ് പറഞ്ഞിരുന്നു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാം എന്നും പത്മിനി തോമസ് വ്യക്തമാക്കി.