ഇലക്ഷൻ റിസൾട്ടിന് പിന്നാലെ വെല്ലുവിളിയും ഭീഷണിയും; കൊമ്പ് കോർക്കുന്ന സിപിഐഎമ്മും മുസ്ലിം ലീഗും
ഇലക്ഷൻ റിസൾട്ട് പുറത്തത് വന്നതിന് ശേഷം നാടെങ്ങും വെല്ലുവിളികളും കൊലവിളികളും ഉയരുകയാണ്. വളാഞ്ചേരിയില്‍ കൊലവിളി പ്രസംഗവുമായി എത്തിയിരിക്കുകയാണ് യൂത്ത് ലീഗ് പ്രാദേശിക നേതാവ്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആരെങ്കിലും കയ്യോങ്ങിയാല്‍ ആ കൈകള്‍ വെട്ടി മാറ്റുമെന്ന് വളാഞ്ചരി നഗരസഭാ മുന്‍ കൗണ്‍സിലറായ ബാവ എന്നറിയപ്പെടുന്ന ശിഹാബുദ്ദീന് പറഞ്ഞു. തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും ശിഹാബുദ്ദീന് പറഞ്ഞു. ‘വീട്ടില്‍ കയറി കാല് തല്ലിയൊടിക്കും. എതിര്‍ക്കാന്‍ ധൈര്യമുള്ള ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കില്‍ മുന്നോട്ട് വരണം. മുട്ടുകാല് തല്ലിയൊടിക്കും’, എന്നാണ് ശിഹാബുദ്ദീന് പറഞ്ഞത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെ നിരവധി സ്ഥലങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതുപോലെ കൊലവിളി പ്രസംഗവും അക്രമവും നടത്തുന്നത്. മുസ്ലിം ലീഗ് നേതാക്കള്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്നും അരിവാള്‍ കൊണ്ട് ചില പ്രയോഗങ്ങള്‍ അറിയാമെന്നും ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം സമീഷ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി കെ വി മജീദിന്റെ ഒരു വിദ്വെഷ പ്രസംഗവും പ്രചരിക്കുന്നുണ്ട്. വോട്ടിന് വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ മറ്റുള്ളവർക്ക് കാഴ്ച വെക്കരുത് എന്നായിരുന്നു മജീദിന്റെ പ്രസംഗം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെയായിരുന്നു മജീദിന്റെ ഈ അധിക്ഷേപ പ്രസംഗം.
അരിവാള്‍ കൊണ്ട് ചില പ്രയോഗങ്ങള്‍ അറിയാമെന്നു പറഞ്ഞ ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം സമീഷ്, ഉടനെ തന്നെ ലീഗിന് കരിദിനം ആചരിക്കേണ്ടി വരുമെന്നും പ്രതിഷേധ യോഗത്തില്‍ പറഞ്ഞു.
‘എതെങ്കിലും തരത്തിലുള്ള പ്രകോപനം സൃഷ്ടിച്ചാല്‍ നാളെ മുസ്ലിം ലീഗ് കരിദിനം ആചരിക്കേണ്ടി വരും. ഞങ്ങളുടെ ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രമാണ്. ഞങ്ങള്‍ക്ക് ഈ അരിവാള്‍ കൊണ്ട് ചില പരിപാടി അറിയാം. അത് മുസ്ലിം ലീഗുകാരന് ബോധ്യപ്പെടുത്തി കൊടുക്കാനുള്ള അവസരം ഉണ്ടാക്കരുത്. ഇന്ന് ഒരു പടക്കം എറിഞ്ഞ് ഞങ്ങളുടെ സഖാവിന്റെ വീട്ടില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ആ പ്രകോപനം ഇന്നലെയും ഇന്നും നിങ്ങള്‍ ഉണ്ടാക്കി.
ഈ നിമിഷം മുതല്‍ മുസ്ലിം ലീഗിന്റെ നേതാക്കള്‍ വീട്ടില്‍ അന്തിയുറങ്ങില്ലെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ്. നേരത്തെയും ലീഗും സിപിഐഎമ്മും ഏറ്റമുട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ നഷ്ടം മുസ്ലിം ലീഗിനാണ്. ആ ബോധ്യം മുസ്ലിം ലീഗിന്റെ നേതാക്കന്മാര്ക്ക് ഉണ്ടാകും. ഞങ്ങള്‍ ഇപ്പോള്‍ ക്ഷമിച്ചത് കൊണ്ടുമാത്രമാണ് സംഘര്‍ഷമുണ്ടാകാത്തത്’, എന്നായിരുന്നു സമീഷ് പറഞ്ഞത്.
ഫറോഖ് മുന്‍സിപ്പാലിറ്റിയില്‍ ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് അതിക്രമം കാണിച്ചുവെന്നാരോപിച്ച് സിപിഐഎം നടത്തിയ പ്രതിഷേധ യോഗത്തിനിടെയാണ് വിവാദ പ്രസംഗം. ഫറോക്ക് നഗരസഭ ഭരണം ഇത്തവണ യുഡിഎഫ് നിലനിര്‍ത്തിയിരുന്നു. അതിന്റെ പേരിൽ നടന്ന ലീഗിന്റെയും യുഡിഎഫിന്റെയും ആഘോഷ പ്രകടനത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലേക്ക് ഗുണ്ടെറിഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഎം യോഗം സംഘടിപ്പിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനുകളിലും എല്ലാം തന്നെ യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 505 ഇടത്താണ് യുഡിഎഫ് മുന്നേറിയത്.
എന്നാൽ 341 ഗ്രാമപഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് മുന്നേറ്റം നടത്താനായത്. 26 ഗ്രാമ പഞ്ചായത്തുകളില്‍ ബിജെപിയും വിജയിച്ചു. ആകെയുള്ള 86 മുന്‍സിപ്പാലിറ്റികളില്‍ 54ഇടത്ത് യുഡിഎഫും 28ഇടത്ത് എല്‍ഡിഎഫുമാണ് നേട്ടമുണ്ടാക്കിയത്. രണ്ട് മുന്‍സിപ്പാലിറ്റികളില്‍ ബിജെപി നേട്ടമുണ്ടാക്കി.
ഇടത് മുന്നണിക്ക് ഏറ്റവും വലിയ നഷ്ടമുണ്ടായത് കോര്‍പ്പറേഷനുകളിലാണ്. നാലിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയുമാണ് വിജയിച്ചത്. . ബോക്ക് പഞ്ചായത്തിലും യുഡിഎഫ് നേട്ടമുണ്ടാക്കിയപ്പോൾ ജില്ലാ പഞ്ചായത്തുകളില്‍ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.













