ഉവൈസിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുസേന
എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുസേന. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയെക്കുറിച്ച് നടത്തിയ പ്രസ്താവനകളിലൂടെ അദ്ദേഹം മതസ്പര്‍ദ്ധ വളര്‍ത്തിയെന്നും ഹിന്ദുസേന ഗുജറാത്ത് അധ്യക്ഷൻ പ്രതീക് ഭട്ട് ആരോപിച്ചു.
ഉവൈസി ഹൈദരാബാദിൻ്റെ നായയാണെന്നും രാമക്ഷേത്രം നിര്‍മിക്കാനുള്ള അനുമതി സുപ്രീം കോടതി നല്‍കിയതാണെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു. ഉവൈസി തന്റെ പരാമര്‍ശങ്ങളിലൂടെ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുകയാണ്. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി സനാതന ഹിന്ദുക്കളുടെയിടയില്‍ സ്പര്‍ധയുണ്ടാക്കുകയാണ് ഉവൈസിയെന്നും ഭട്ട് ആരോപിച്ചു. സംഭവത്തില്‍ ഉവൈസിക്കെതിരെ ഹിന്ദുസേന ഡല്‍ഹി വിഭാഗവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
രാമക്ഷേത്ര ഉദ്ഘാടനം വരികയാണെന്നും മുസ്ലിം യുവാക്കള്‍ ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെ നിരീക്ഷിക്കണമെന്നും ഉവൈസി പറഞ്ഞിരുന്നു. രാജ്യത്തെ മസ്ജിദുകള്‍ തകരാതെ സംരക്ഷിക്കണണെന്നും അദ്ദേഹം യുവാക്കളോടായി പറഞ്ഞിരുന്നു.
500 വര്‍ഷക്കാലമായി ഖുര്‍ആൻ പാരായണം ചെയ്തിരുന്ന ഭൂമി ഇന്ന് നമ്മുടേതല്ല. പള്ളികള്‍ ഇനിയും നമ്മളില്‍ നിന്ന് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് പിന്നാലെ ഉവൈസിക്ക് മുന്നറിയിപ്പുമായി വിശ്വ ഹിന്ദു പരിഷത്തും രംഗത്തെത്തിയിരുന്നു.